തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പേരിൽ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ചെറിയ കാര്യമാണെന്നും കൂടുതൽ കാര്യങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ എന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ഇപ്പോഴും കുറ്റാരോപിതനെ സംരക്ഷിക്കുന്ന സമീപനമാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് കാണുന്നതെന്നും പത്മജ പറഞ്ഞു.
രാഹുലിന്റെ പേരെടുത്തു പറയാതെയായിരുന്നു പത്മജയുടെ പ്രതികരണം. ‘ഇപ്പോഴും ഈ പറഞ്ഞ ആളുടെ പേര് പറയാൻ ഞാൻ താല്പര്യപ്പെടുന്നില്ല. കാരണം, മോഹൻലാൽ പറഞ്ഞമാതിരി അങ്ങേരുടെ തന്ത അല്ലല്ലോ എന്റെ തന്ത. അതുകൊണ്ട് ആളുടെ പേരൊന്നും ഞാൻ പറയുന്നില്ല. പക്ഷേ, എല്ലാവർക്കും അറിയാം’, പത്മജ പറഞ്ഞു.
കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാടാണ് പല കോൺഗ്രസ് നേതാക്കളും സ്വീകരിക്കുന്നതെന്നും പത്മജ ആരോപിച്ചു. എനിക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് ഇതുവരെ ഒരു ബഹുമാനം ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് എനിക്ക് ഇതുവരെ ഒരു പരാതിയും കിട്ടിയിട്ടില്ലെന്നാണ്. ഒരുപെണ്ണും മുകളിൽ പരാതി കൊടുക്കാതെ പബ്ലിക് ആയി പറയില്ല. എല്ലാ സ്ഥലത്തും നേതാക്കളുടെ അടുത്ത് പരാതി പറഞ്ഞിട്ടായിരിക്കും ഇവരൊക്കെ പുറത്തുപറഞ്ഞിട്ടുണ്ടാവുക. എന്നിട്ടും ഇപ്പോഴും അദ്ദേഹത്തെ രക്ഷിക്കുന്ന രീതിയിലുള്ള കോൺഗ്രസിന്റെ ഭാഗത്തുനിന്ന് കാണുന്നത്, പത്മജ പറഞ്ഞു.
ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ചെറിയ കാര്യമാണ്. ഇനിയും കാര്യങ്ങൾ വരാനിരിക്കുന്നേയുള്ളൂ. ഇതിന്റെ മുകളിലും ഉണ്ടല്ലോ കുറെപേര്. ആരും നല്ല കക്ഷികൾ ഒന്നുമല്ല. അതുകൊണ്ട് പലതും പുറത്തുവരും, പത്മജ പറഞ്ഞു.
യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തിൽ ഉയർന്ന വിവാദങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചിരുന്നു. രാജിക്കത്ത് യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് കൈമാറി. വിഷയത്തിൽ ധാർമികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുൽ വ്യക്തമാക്കി. അടൂരിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ രാജി പ്രഖ്യാപിച്ചത്.