തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലവർധനയുടെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് ഉയർത്തുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആലോചനയിൽ. നാളെയും മറ്റന്നാളുമായി ചേരുന്ന ഭരണസമിതി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. പ്രസാദം, നിവേദ്യം എന്നിവയുടെ നിരക്കുകളാകും വർധിപ്പിക്കുക. അർച്ചനയുടെ നിരക്കുകൾ വർധിപ്പിക്കില്ല.
ഒന്നിന് 40 രൂപ നൽകിയാണ് ദേവസ്വം ബോർഡ് ഇപ്പോൾ തേങ്ങ വാങ്ങുന്നത്. പ്രസാദം, നിവേദ്യം എന്നിവയ്ക്കാണു തേങ്ങ ഉപയോഗിക്കുന്നത്. ഉണ്ണിയപ്പത്തിലടക്കം വെളിച്ചെണ്ണയുടെ ഉപയോഗം ധാരാളമുണ്ട്. ചെറിയ ക്ഷേത്രങ്ങളിൽ എത്തുന്നവർ തേങ്ങ നേരിട്ട് എത്തിക്കാറുണ്ട്.
9 വർഷത്തിനു ശേഷം അടുത്തകാലത്താണ് ദേവസ്വംബോർഡ് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകൾ വർധിപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ ചെറിയ ക്ഷേത്രങ്ങൾക്കു മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണെങ്കിലും ഭക്തരുടെമേൽ അമിതഭാരം അടിച്ചേൽപിക്കില്ലെന്ന് ദേവസ്വംബോർഡ് അംഗം എ.അജികുമാർ പറഞ്ഞു.