‘മുസ്ലിം ലീ​ഗ് മയക്കുമരുന്ന് കച്ചവടക്കാരുടേയും തട്ടിപ്പുകാരുടേയും വിഹാര കേന്ദ്രം’; ഫിറോസിനെതിരെ പരാതി നൽകുമെന്ന് കെ.ടി ജലീൽ

കോഴിക്കോട്: പി.കെ. ഫിറോസിനെതിരെ പരാതി നൽകുമെന്ന് കെ.ടി ജലീൽ എംഎൽഎ. മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും പാർട്ടിയായി മുസ്ലിം ലീ​ഗ് മാറിയതായും ജീവിതത്തിൽ സൂക്ഷ്മത പുലർത്തിയ നേതാക്കളുണ്ടായിരുന്ന പാർട്ടി ഇന്ന് മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും വിഹാര കേന്ദ്രമായെന്നും കെ.ടി ജലീൽ പറഞ്ഞു. പി.കെ. ഫിറോസിന്റെ സ​ഹോദരൻ എത്രയോ നാളായി രാസലഹരി ഉപയോ​ഗിക്കുന്നു. എന്നാൽ ഇത് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഫിറോസ് പോലീസിലോ എക്സൈസിലോ പരാതിപ്പെടാതിരുന്നത്. നൂറ് കണക്കിന് ചെറുപ്പക്കാരെ വഴിതെറ്റിച്ച സ​ഹോദരനെ എന്തുകൊണ്ട് ഫിറോസ് നിയന്ത്രിച്ചില്ല. അദ്ദേഹം അത് ചൂണ്ടിക്കാട്ടി കൊടുക്കുകയല്ലേ വേണ്ടിയിരുന്നത് എന്നും കെ.ടി ജലീൽ പറഞ്ഞു.

മുസ്ലിം ലീ​ഗ് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിന് നല്ല പ്രചാരം കിട്ടി. ആ കാമ്പയിൻ തീരുമാനിക്കും മുൻപെങ്കിലും ഫിറോസ് അത് പുറംലോകത്തെ അറിയിക്കേണ്ടതായിരുന്നു. അറിഞ്ഞുകൊണ്ട് വസ്തുത മറിച്ചുവെച്ചത് തെറ്റ്. ഇക്കാര്യത്തിൽ അദ്ദേഹത്തിനെതിരെ കേസ് എടുക്കാമല്ലോ, കെ.ടി ജലീൽ പറഞ്ഞു. മതവും ദീനും ഉദ്ധരിച്ച് പ്രസം​ഗിക്കുന്നയാൾ മയക്കുമരുന്നിന് അഡിക്ടായ ഒരാൾ വീട്ടിൽ ഉണ്ടായിട്ട് എന്തുകൊണ്ട് അത് സമൂഹത്തെ അറിയിച്ചില്ല എന്നതിന് ഫിറോസും പാർട്ടിയും മറുപടി പറയണമെന്നും, പി.കെ ഫിറോസിന് ഈ ലഹരി ഇടപാടിൽ പങ്കുണ്ട് എന്നുപറഞ്ഞാൽ തെറ്റ് പറയാനാവുമോ എന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു.

വേലയും കൂലിയും ഇല്ലാത്ത ഫിറോസ് എങ്ങനെ ഇത്രയും വില കൊടുത്ത് സ്ഥലം വാങ്ങി വലിയ വീട് വെച്ചു. എന്താണ് ഫിറോസിന്റെ ജോലി എന്താണ് വരുമാനം? വിദേശ ബിസിനസ് ഉണ്ടോ ഉണ്ടെങ്കിൽ എന്താണ് നിക്ഷേപം ആ പണം എവിടുന്ന് കിട്ടി എന്നും കെ.ടി ജലീൽ ആരാഞ്ഞു. ലീ​ഗിന്റെ നേതാക്കൾ ലഹരിക്കേസിലും സാമ്പത്തിക തട്ടിപ്പിലും കുടുങ്ങുന്നുവെന്നും നേതാക്കളെ കയറൂരി വിട്ടിരിക്കുകയാണോ എന്നും ജലീൽ പറഞ്ഞു. മലപ്പുറം ജില്ലയിൽ സാമ്പത്തിക തട്ടിപ്പ് കൂടിവരുകയാണ്. മുഖപത്രം പോലും സാമ്പത്തിക തട്ടിപ്പിന് ഉപയോ​​ഗിച്ചു. ഇതിനൊക്കെ വെള്ളം വളവും കൊടുക്കുകയാണ് മുസ്ലിം ലീ​ഗ് എന്നും കെ.ടി ജലീൽ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.