മനുഷ്യ സ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാകും; അക്രമകാരികളായ തെരുവുനായകളെ കൊല്ലും; മേനകാഗാന്ധിക്കെതിരെ മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: തെരുവുനായകളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നിയമലംഘനമാണെന്ന കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. മനുഷ്യ സ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാകുമെന്ന് അദ്ദേഹം ചോദിച്ചു. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലും. ഇക്കാര്യത്തില്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ലെന്നും കെടി ജലീല്‍ പറഞ്ഞു. തലസ്ഥാനത്ത് പുല്ലുവിളയില്‍ 60കാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന സംഭവത്തില്‍ മേനകാ ഗാന്ധി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. വൃദ്ധയുടെ കയ്യില്‍ മാംസമുണ്ടായിരിക്കാമെന്നും അതാകും നായകള്‍ ആക്രമിക്കാന്‍ കാരണമെന്നുമായിരുന്നു അന്ന് മേനക പറഞ്ഞത്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു ഇന്ന് മേനകാഗാന്ധി വിശദീകരിച്ചത്. തെരുവുനായ് ശല്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മേനകാ ഗാന്ധി രംഗത്തെത്തുകയും ചെയ്തിരുന്നു. ഉത്തരവാദിത്തം നിറവേറ്റുന്നതിന് പകരം തന്നെ ഭീകരയാക്കി രക്ഷപ്പെടാന്‍ കേരളം ശ്രമിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. തെരുവുനായ്ക്കളെ കൊല്ലുന്നത് നിയമ ലംഘനമാണെന്നും മേനകാഗാന്ധി പറഞ്ഞിരുന്നു.

© 2025 Live Kerala News. All Rights Reserved.