വെടിനിർത്തൽ പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി അമിത് ഷാ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ (പാകിസ്ഥാനെതിരെ) ഒരു യുദ്ധം പോലും പ്രഖ്യാപിച്ചിട്ടില്ല. നിങ്ങൾ ഏതുതരം വെടിനിർത്തലിനെക്കുറിച്ചാണ് സംസാരിക്കുന്നത്? അത് പരിമിതമായ ആക്രമണമായിരുന്നു, തീവ്രവാദത്തിനെതിരായ ആക്രമണമായിരുന്നു, സ്വയം പ്രതിരോധത്തിനുള്ള നമ്മുടെ നിയമപരമായ അവകാശത്തിന്റെ ഉപയോഗമായിരുന്നു.” ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശക്തമായ മറുപടി നൽകേണ്ടത് അത്യാവശ്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക് അധിനിവേശ കശ്മീരിനെ (പിഒകെ) കുറിച്ച് സംസാരിക്കുമ്പോൾ, “രാഹുൽ ഗാന്ധി പിഒകെയെക്കുറിച്ച് വിഷമിക്കേണ്ടതില്ല, ബിജെപി അത് തിരിച്ചെടുക്കും,” എന്ന് അമിത് ഷാ ആവർത്തിച്ചു. പതിറ്റാണ്ടുകളായി പാകിസ്ഥാന് കോൺഗ്രസ് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് തീവ്രവാദം വ്യാപിക്കാൻ കാരണം കോൺഗ്രസിന്റെ വോട്ടുബാങ്കും പ്രീണന രാഷ്ട്രീയവുമാണെന്നും അമിത് ഷാ രൂക്ഷമായി വിമർശിച്ചു.
ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കാതെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു സംഭാഷണമില്ലെന്ന് അമിത് ഷാ ഉറപ്പിച്ചു പറഞ്ഞു. “നരേന്ദ്ര മോദി നമ്മുടെ ജനാധിപത്യത്തെ ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമാക്കി. ഞങ്ങൾ ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടിയാണ് ഏറ്റവും വിജയകരമായത്,” അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാത്തരം ഭീകരതയും നക്സലിസവും അവസാനിപ്പിക്കുമെന്നും അമിത് ഷാ പ്രതിജ്ഞയെടുത്തു. കശ്മീരിലെ സുരക്ഷാ സാഹചര്യത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “അതിർത്തിക്കപ്പുറത്തു നിന്ന് പാകിസ്ഥാന് തീവ്രവാദികളെ അയയ്ക്കേണ്ട ആവശ്യമില്ലാത്ത ഒരു കാലമുണ്ടായിരുന്നു – നമ്മുടെ സ്വന്തം കശ്മീരി യുവാക്കൾ ആയുധമെടുക്കുകയായിരുന്നു. എന്നാൽ ഇന്ന്, കഴിഞ്ഞ ആറ് മാസത്തിനിടെ, ഒരു കശ്മീരി യുവാവിനെ പോലും ഒരു തീവ്രവാദ സംഘടനയിലേക്കും റിക്രൂട്ട് ചെയ്തിട്ടില്ല, കൊല്ലപ്പെടുന്നവരെല്ലാം പാകിസ്ഥാനികളാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് കശ്മീരിലെ സൈനിക നടപടികളുടെയും സർക്കാരിന്റെ നയങ്ങളുടെയും വിജയമായാണ് വിലയിരുത്തപ്പെടുന്നത്.