തകര്‍ന്ന ദേശീയപാത കൂരിയാട് ഭാഗത്ത് പൊളിച്ചുമാറ്റും; ആറുമാസത്തിനകം പുതിയ പാലം; പാതയുടെ തൂണുകള്‍ ഉയര്‍ത്തും

മലപ്പുറം: കൂരിയാട് ദേശീയപാത തകര്‍ന്ന ഭാഗത്ത് തൂണുകളില്‍ ഉയര്‍ത്തുന്നതിനൊപ്പം തന്നെ പുതിയ പാലങ്ങളും നിര്‍മ്മിക്കാന്‍ ദേശീയ പാത അതോറിറ്റിയുടെ തീരുമാനം. പൊളിച്ചുമാറ്റി പുതിയ പാതകള്‍ നിര്‍മ്മിക്കും. ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവിനോട് കരാര്‍ കമ്പനിയായ കെഎന്‍ആര്‍സിഎല്‍ എംഡി നരസിംഹ റെഡ്ഡി നേരിട്ടെത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറ് മാസത്തിനുള്ളില്‍ പാലം പൂര്‍ത്തിയാക്കാന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു.

നിലവില്‍ തകര്‍ന്നരിക്കുന്നത് പൊളിച്ചു മാറ്റിയ ശേഷമേ പുതിയ പാലമടക്കമുള്ളവയുടെ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കു. ഇതിനു കമ്പനി സാവകാശം തേടിയിട്ടുണ്ട്. മണ്ണ് പരിശോധനാ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് മണ്ണിട്ടുയര്‍ത്തി പാത നിര്‍മിക്കാന്‍ കണ്‍സള്‍ട്ടന്റും കരാര്‍ കമ്പനിയും തീരുമാനിച്ചതെന്നു എംഡ!ി വിശദീകരിച്ചു. ഈ ശുപാര്‍ശ ദേശീയപാതാ വിഭാഗവും അംഗീകരിച്ചിരുന്നു. പദ്ധതി വേഗത്തിലാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. എന്നാല്‍ മണ്ണിന്റെ ബലക്കുറവും ശക്തമായ നീരൊഴുക്കും കണക്കുകൂട്ടല്‍ തെറ്റിച്ചു എന്നാണ് കമ്പനി വിലയിരുത്തല്‍. അപ്രോച്ച് റോഡിന്റെ വീതി കുറയുമെന്നതിനാല്‍ മണ്ണിട്ടുയര്‍ത്തിയുള്ള അടിത്തറയ്ക്കു വീതി കൂട്ടുന്നതിനും പരിമിതിയുണ്ടായിരുന്നു. ഇതും അപകടത്തിനു ഇടയാക്കിയെന്നാണ് വിലയിരുത്തല്‍.

പറവൂര്‍-കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര-കൊല്ലം, കൊല്ലം-കടമ്പാട്ടുകോണം, കടമ്പാട്ടുകോണം-കൊല്ലം, തുറവൂര്‍-പറവൂര്‍ റീച്ചുകളില്‍ നിര്‍മാണം വൈകുന്നത് പരിശോധിക്കും. ജങ്ഷനുകളിലെ ഡിസൈനുകളില്‍ പൊതുജനങ്ങളുടെ എതിര്‍പ്പുകാരണം മാറ്റം വരുത്തിയതും മണല്‍ക്ഷാമവും പദ്ധതി വൈകിപ്പിച്ചെന്ന മറുപടിയാണ് കരാറുകാര്‍ നല്‍കിയത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള മേഖലകളിലെ നിര്‍മാണ പുരോഗതി ദേശീയപാതാ വിഭാഗത്തില്‍ സംസ്ഥാന ചുമതലയുള്ള ബോര്‍ഡ് അംഗം വെങ്കിട്ടരമണ പരിശോധിക്കും.

© 2025 Live Kerala News. All Rights Reserved.