ഭീകരാക്രമണത്തിന് പാകിസ്ഥാനില്‍ നിന്ന് സഹായം ലഭിച്ചു; വനമേഖലയില്‍ വ്യാപക തിരച്ചില്‍; സര്‍വകക്ഷിയോഗത്തില്‍ കടുത്ത തീരുമാനമുണ്ടാകും

ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ കടുത്ത തീരുമാനങ്ങളുണ്ടാകുമെന്ന് സൂചന. ഇതുവരെയുള്ള അന്വേഷണത്തിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ അറിയിക്കും. ഭീകരാക്രമണത്തിന് പാകിസ്ഥാനില്‍ നിന്ന് സഹായം ലഭിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. ഇക്കാര്യം ഇന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ വിശദീകരിക്കും.

ഇന്നലെ കേന്ദ്ര മന്ത്രിസഭാസമിതിയുടെ യോഗത്തിലെടുത്ത തീരുമാനങ്ങളും സര്‍വകക്ഷിയോഗത്തെ അറിയിക്കും. ഭീകരര്‍ പ്രദേശത്തെ വനമേഖലയിലേക്ക് കടന്നുവെന്നാണ് സൈന്യത്തിന്റെ നിഗമനം. പഹല്‍ഗാം, ബൈസരണ്‍, അനന്ത് നാഗ് തുടങ്ങിയ മേഖലകളില്‍ വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. പഹല്‍ഗ്രാം ആക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ സൈഫുള്ള കസൂരിയാണെന്ന് രഹസ്യാന്വേഷണ സംഘം വ്യക്തമാക്കുന്നു.

പഹല്‍ഗ്രാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരും. അതിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശികളുടെ മൃതദേഹം ബംഗളൂരുവില്‍ എത്തിച്ചു. ശിവമോഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ മൃതദേഹം റോഡ് മാര്‍ഗം വീട്ടിലേക്ക് കൊണ്ടുപോയി. ഭരത് ഭൂഷന്റെ മൃതദേഹം ബംഗലൂരു മത്തിക്കെരെയിലെ വീട്ടിലേക്ക് എത്തിച്ചു.

© 2025 Live Kerala News. All Rights Reserved.