മധുരയില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് പതാക ഉയര്‍ന്നു; എണ്ണൂറിലധികം പ്രതിനിധികള്‍; എം എ ബേബി ജനറല്‍ സെക്രട്ടറിയാകുമോ?

മധുര: സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ തുടക്കമായി ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തി. പൊളിറ്റ് ബ്യൂറോ കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ഉദ്ഘാടകന്‍. മണിക് സര്‍ക്കാര്‍ അധ്യക്ഷനും. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം സമ്മേളന നഗരിയില്‍ സജീവമാണ്. പി ബി അംഗം ബി വി രാഘവലു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെ വിവിധ ഇടതുപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

എണ്‍പത് നിരീക്ഷകരടക്കം എണ്ണൂറിലധികം പ്രതിനിധികളും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമാണ്. ഈ മാസം ആറ് വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. കേരളത്തിലെ അധികാരം നിലനിര്‍ത്തുന്നതിനൊപ്പം ദേശീയ പാര്‍ട്ടി സംഘടനാപരമായി കൂടുതല്‍ ശക്തിപ്പെടുന്നതിനുള്ള സുപ്രധാന തീരുമാനങ്ങളാകും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുക.

ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു. മൂന്ന് ടേം പൂര്‍ത്തിയായതിനാല്‍ മാറി നില്‍ക്കുമെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് അനുവദിച്ച പ്രായ പരിധി ഇളവ് പ്രകാശ് കാരാട്ടിന് ഉണ്ടാകുമോ എന്നതും നിര്‍ണ്ണായകമാണ്. പാര്‍ട്ടി സെക്രട്ടറി ആരാണെന്ന് 6ന് മാത്രമേ അറിയൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പ്രായപരിധി ഇളവ് പാര്‍ട്ടി തീരുമാനിക്കുമെന്നും പ്രകാശ് കാരാട്ടിനും ബൃന്ദ കാരാട്ടിനും പ്രായപരിധിയില്‍ ഇളവ് ഉണ്ടാകില്ല. മുതിര്‍ന്ന സിപിഎം നേതാവ് എം എ ബേബി ജനറല്‍ സെക്രട്ടറിയായേക്കുമെന്നാണ് സൂചന.

© 2025 Live Kerala News. All Rights Reserved.