തിരുവനന്തപുരം: 24മത് പാര്‍ട്ടി കോണ്‍ഗ്രസിന് സിപിഎം ഒരുങ്ങുമ്പോള്‍ തലമുറ മാറ്റങ്ങളില്‍ പുതമുഖങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിച്ചേക്കുമെന്ന് സൂചന. പോളിറ്റ് ബ്യൂറോയിലെ പകുതിയോളം പേര്‍ ഇത്തവണ മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് പകരം വരിക പുതുമുഖങ്ങളും.
സിപിഎം ജനറല്‍ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരി, പ്രായപരിധി നിബന്ധന മൂലം പുറത്താകുന്നവര്‍ എന്നിവര്‍ക്ക് പകരമായി 17 അംഗ പി ബിയില്‍ എട്ട് പുതുമുഖങ്ങള്‍ ഇത്തവണ ഇടം പിടിച്ചേക്കും.
യെച്ചൂരിയുടെ മരണത്തിന് ശേഷം പി ബി കോഡിനേറ്റര്‍ പദവി വഹിക്കുന്ന പ്രകാശ് കാരാട്ട്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, പശ്ചിമ ബംഗാളില്‍ നിന്നുള്ള സുര്‍ജ്യ കാന്ത മിശ്ര തമിഴ്‌നാട്ടില്‍ നിന്നുള്ള ജി രാമകൃഷ്ണന്‍ എന്നിവരാണ് പ്രായപരിധി പിന്നിടുന്ന പ്രമുഖ നേതാക്കള്‍. പിണറായി വിജയന്‍, ബൃന്ദ കാരാട്ട് എന്നിവര്‍ക്ക് ഇളവ് ലഭിച്ചേക്കും. പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രി എന്ന പരിഗണന കൂടിയാകുമ്പോള്‍ പിണറായി വിജയന്റെ കാര്യത്തില്‍ ഇക്കാര്യം ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിരം ക്ഷണിതാവ് എന്ന നിലയിലെങ്കിലും പിണറായി പിബിയില്‍ തുടരും. ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കളുടെ വിഷയത്തില്‍ പ്രായ പരിധി ഇളവുണ്ടാകുമെന്ന് കരുതുന്നില്ല. പ്രകാശ് കാരാട്ട് മാറി നിന്നേക്കുമെന്നാണ് വിവരം.
സിപിഎം ജനറല്‍ സെക്രട്ടറി ചുമതലയിലിരിക്കെ അന്തരിച്ച സിതാറാം യെച്ചൂരിയുടെ പിന്‍ഗാമി പുതുമുഖമായിരിക്കും. അതായത് പുതിയ ജനറല്‍ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം എ ബേബി, ആന്ധ്രയില്‍ നിന്നുള്ള വി വി രാഘവലു എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കിസാന്‍ സഭ നേതാവ് അശോക് ധാവാലെയുടെ പേരും പരിഗണനയിലുണ്ടെന്ന് കേള്‍ക്കുന്നു.
അതേസമയം, മുതിര്‍ന്ന വനിതാ അംഗം ബൃന്ദ കാരാട്ടിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് താത്പര്യമുണ്ട്. ‘യെച്ചൂരിയുടെ മരണശേഷം ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ആ സമയത്ത് മറ്റൊരാള്‍ക്ക് പൂര്‍ണ ചുമതല നല്‍കുന്നത് തെറ്റായ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു. അതിനാലാണ് പ്രകാശ് കാരാട്ടിനെ കോര്‍ഡിനേറ്ററായി തിരഞ്ഞെടുത്തത്.
മാനദണ്ഡങ്ങള്‍ ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവര്‍ക്ക് പകരം എഐഡിഡബ്ല്യുഎ ജനറല്‍ സെക്രട്ടറി മറിയം ധവാലെ, സിഐടിയു ദേശീയ സെക്രട്ടറി എ ആര്‍ സിന്ധു, തമിഴ്‌നാട് മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് യു വാസുകി, മുന്‍ മന്ത്രി കെ കെ ശൈലജ എന്നിവരുടെ പേരുകള്‍ പുതിയ പിബി പട്ടികയിലുണ്ടന്നാണ് വിവരം. കിസാന്‍ സഭ നേതാവ് വിജൂ കൃഷ്ണനും ഇത്തവണ പിബിയില്‍ എത്തിയേക്കും. തമിഴ്‌നാട്ടില്‍ നിന്നും യു വാസുകിയെ പരിഗണിച്ചില്ലെങ്കില്‍ കഴിഞ്ഞ തവണ സി സിയില്‍ ഉള്‍പ്പെടുത്തിയ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം ജി രാമകൃഷ്ണന്‍ പിബിയില്‍ ഇടം നേടിയേക്കും.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അരുണ്‍ കുമാര്‍, മുന്‍ പശ്ചിമ ബംഗാള്‍ എംപി സമിക് ലാഹിരി തുടങ്ങിയ പേരുകളും ചര്‍ച്ചയിലുണ്ട്. കേരളത്തില്‍ നിന്നും കൂടുതല്‍ നേതാക്കളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ഇ പി ജയരാജന്‍, ടി എന്‍ തോമസ് ഐസക് തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിച്ചേക്കും. എം എ ബേബി ജനറല്‍ സെക്രട്ടറിയാകുന്നത് കേരള ഘടകത്തിന് താല്‍പര്യമില്ലെന്നാണ് വിവരം.