കണ്ണൂര്‍: കൈതപ്രത്ത് ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ മാതമംഗലം പുനിയങ്കോട് മണിയറ അങ്കണവാടിക്ക് സമീപത്തെ വടക്കേടത്ത് വീട്ടില്‍ കെ കെ രാധാകൃഷ്ണന്റെ കൊലക്ക് പിന്നില്‍ ഭാര്യയുടെ വഴിവിട്ട ബന്ധം. രാധാകൃഷ്ണന്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വന്ന പെരുമ്പടവ് സ്വദേശിയായ എന്‍ കെ സന്തോഷ് രാധാകൃഷ്ണന്റെ ഭാര്യയുമായി അടുക്കുകയായിരുന്നു.
രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി സന്തോഷിനുണ്ടായിരുന്ന വഴിവിട്ട ബന്ധം ഇവരുടെ കുടുംബജീവിതത്തെ താളം തെറ്റിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ബന്ധുക്കളും ബിജെപി നേതാക്കളും മുന്‍കൈയെടുത്താണ് അടുത്തകാലത്ത് പരിഹരിച്ചത്. എന്നാല്‍ ബിജെപി നേതാക്കള്‍ താക്കീതു ചെയ്തിട്ടും സന്തോഷ് അടങ്ങിയില്ല. ഫോണിലൂടെയും അല്ലാതെയും ഇയാള്‍ നിരന്തരം രാധാകൃഷ്ണന്റെ ഭാര്യയെ വിളിക്കാറുണ്ടായിരുന്നു.
നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് രാധാകൃഷ്ണന്റെ നെഞ്ചത്ത് സന്തോഷ് വെടിവെച്ചത്. പോയിന്റ് ബഌങ്കില്‍ നിന്നാണ് രാധാകൃഷ്ണന് നേരെ പ്രതി സന്തോഷ് വെടിയുതിര്‍ത്തത്. മുഖാമുഖം നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചിലേറ്റ ഒരൊറ്റ വെടിയാണ് രാധാകൃഷ്ണന്റെ മരണ കാരണം. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കമുണ്ടായിരുന്നു. കൂടാതെ ഫോണില്‍ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച്ച വൈകിട്ട് ആറു മണിക്ക് ശേഷം ഇരുവരും നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് എത്തി. ഇവിടെവെച്ച് നടന്ന തര്‍ക്കത്തിനൊടുവില്‍ രാധാകൃഷ്ണന് നേര്‍ക്ക് സന്തോഷ് നിറയൊഴിക്കുകയായിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനായിട്ടില്ല. കൊലപാതക സമയം പ്രതി സന്തോഷ് മദ്യ ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. തോക്കിന് ലൈസന്‍സുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. ഇയാള്‍ നേരത്തെയും നാടന്‍ തോക്ക് ഉപയോഗിക്കുമായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ചോദ്യം ചെയ്തതില്‍ നിന്നും രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ പ്രതി സന്തോഷ് നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂര്‍ കല്യാട് സ്വദേശിയായ രാധാകൃഷ്ണന്‍ ഇരുപതുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് മാതമംഗലത്തെത്തിയത്. ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറായിുന്ന ഇദ്ദേഹം ബിജെപിയുടെ പ്രാദേശിക നേതാവു കൂടിയാണ്. 49 വയസുകാരനായ രാധാകൃഷ്ണന്‍ സൗമ്യ സ്വഭാവക്കാരനും ആരോടും വഴക്കിന് പോകുന്നയാളല്ലെന്നും പ്രദേശവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പരിയാരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം രാധാകൃഷ്ണന്റെ മൃതദേഹം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.