ഷഹബാസ് കൊലക്കേസില്‍ ഒരു വിദ്യാര്‍ഥി കൂടി പിടിയില്‍; ഇസ്റ്റഗ്രാം കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്; കൂടുതല്‍ വിദ്യാര്‍ഥികള്‍ കസ്റ്റഡിയിലായേക്കും

കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ ഒരു വിദ്യാര്‍ത്ഥി കൂടി പൊലീസ് ക്‌സറ്റഡിയില്‍. ഷഹബാസിനെ കൂട്ടംകൂടി മര്‍ദ്ദിച്ചതില്‍ വിദ്യാര്‍ത്ഥിക്കും പങ്കുണ്ടെന്ന കണ്ടെത്തലിലാണ് പൊലീസ. ഇന്‍സ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തില്‍ വിദ്യാര്‍ത്ഥിയുടെ പങ്ക് പുറത്തുവന്നത്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഇതോടെ ആറ് പേരെയാണ് ഷഹബാസ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഘര്‍ഷത്തില്‍ പങ്കെടുത്ത കൂടുതല്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് തീരുമാനം.

അതേ സമയം ഷഹബാസിന്റെ കൊലപാതകക്കേസില്‍ കൂടുതല്‍ സൈബര്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. ഷഹബാസിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് സന്ദേശങ്ങള്‍ കൈമാറിയ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ചാറ്റുകളെ കുറിച്ചും അഡ്മിന്‍മാരെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

നഞ്ചക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കുറ്റാരോപിതരുടെ കൈവശം എങ്ങനെ എത്തി എന്നതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. രക്ഷിതാക്കളുടെ പ്രേരണ കുറ്റകൃത്യം ചെയ്യുന്നതിലേക്ക് കുട്ടികളെ നയിച്ചോ എന്നതും പരിശോധിക്കും. നേരത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുടെ വീട്ടില്‍ നിന്ന് നഞ്ചക് കണ്ടെത്തിയെങ്കിലും ഷഹബാസിന്റെ കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുള്ളതായി പ്രാഥമിക തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പിടിച്ചെടുത്ത ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം കേസില്‍ കുറ്റപത്രം നല്‍കാനാണ് പൊലീസ് തീരുമാനം.

ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ ഷഹബാസ് മരിച്ചു. ഇതിന് പിന്നാലെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം. ഷഹബാസിന് അതിക്രൂരമായ മര്‍ദ്ദനമേറ്റെന്ന് തെളിയിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

© 2025 Live Kerala News. All Rights Reserved.