കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് പത്താം ക്ലാസുകാരനായ മുഹമദ് ഷഹബാസ് മരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഷഹബാസിനെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന ഞെട്ടിക്കുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റ് വോയ്‌സ് പുറത്ത്. ‘ഷഹബാസിനെ കൊല്ലുമെന്നു പറഞ്ഞാല്‍ കൊല്ലും, അവന്റെ കണ്ണൊന്നു നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല’ എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. കൂട്ടത്തല്ലില്‍ മരിച്ചാല്‍ പൊലീസ് കേസെടുക്കില്ലെന്നും തള്ളിപ്പോകുമെന്നും മറ്റൊരു വിദ്യാര്‍ഥി പറയുന്നതും വോയ്‌സ് ചാറ്റിലുണ്ട്.
കൃത്യം നടത്തിയ വിദ്യാര്‍ഥികളെ കൂട്ടി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ രക്ഷിതാക്കള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിജെഎം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുമെന്നു മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.
ആക്രമണം ആസൂത്രിതമാണെന്നതിന്റെ തെളിവുകളാണ് ശബ്ദ സന്ദേശത്തിലൂടെ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ആക്രമണത്തിനു ആഹ്വാനം ചെയ്തിരിക്കുന്നത്. തിരിച്ചടിക്കാനായി ട്യൂഷന്‍ സെന്ററിനു സമീപം എത്താനായിരുന്നു ആഹ്വാനം.
എളേറ്റില്‍ വട്ടോളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളും താരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷന്‍ സെന്ററിലെ പരിപാടി. ഇതിന്റെ തുടര്‍ച്ചയായിരുന്നു വ്യാഴാഴ്ചത്തെ ഏറ്റുമുട്ടല്‍.
ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തര്‍ക്കമാണ് വ്യാഴാഴ്ചത്തെ സംഘര്‍ഷത്തിലേക്കും വിദ്യാര്‍ഥിയുടെ മരണത്തിലും കലാശിച്ചത്. ഞായറാഴ്ചത്തെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തര്‍ക്കത്തിനു ശേഷം സമൂഹ മാധ്യമത്തിലൂടെ ഇരു വിഭാഗവും തമ്മില്‍ വാക്കു തര്‍ക്കവുമുണ്ടായിരുന്നു. ഈ അസ്വാരസ്യങ്ങളുടെ തുടര്‍ച്ചയായിരുന്നു ദിവസങ്ങള്‍ക്കു ശേഷം വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘര്‍ഷം.
വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞതിനു ശേഷം ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജിവിഎച്എസ്എസ് വിദ്യാര്‍ഥികളുമായി സെന്ററിലുള്ള ഏതാനും എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ സെന്ററില്‍ പഠിക്കാത്ത വിദ്യാര്‍ഥികളും ചേര്‍ന്നാണ് ഏറ്റുമുട്ടിയത്. വൈകീട്ട് ആറരയോടെ താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ചയക്കടയ്ക്കു സമീപത്തായിരുന്നു സംഘര്‍ഷം തുടങ്ങിയത്. തമ്മില്‍ത്തല്ലിയ വിദ്യാര്‍ഥികളെ നാട്ടുകാരും കടക്കാരും ഇടപെട്ടാണ് ഇവിടെ നിന്നു പിന്തിരിപ്പിച്ച് ഓടിച്ചത്. പിന്നീട് റോഡിനു സമീപത്തു വച്ചും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി.
സംഘര്‍ഷത്തിനിടെ മുഹമ്മദ് ഷഹബാസിനു മര്‍ദ്ദനമേറ്റ് തലയ്ക്കു പരിക്കേല്‍ക്കുകയായിരുന്നു. നഞ്ചക്ക് പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്നു പൊലീസ് പറയുന്നു. വിദ്യാര്‍ഥികളെ കൂടാതെ പുറത്തുനിന്നുള്ളവരുടെ ഇടപെടലുണ്ടായിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.