സുഡാനിലെ മാ‌‍‍‍ർക്കറ്റിൽ വ്യോമാക്രമണം; 56 പേർ കൊല്ലപ്പെട്ടു

ഖാർത്തും: ശനിയാഴ്ച സുഡാനില്‍ അര്‍ധസൈനിക വിഭാഗം നടത്തിയ വ്യോമാക്രമണത്തിൽ 54 പേർ കൊല്ലപ്പെട്ടു. 158-ലേറെ പേർക്ക് പരിക്കേറ്റതായും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ഒമ്ദുര്‍മന്‍ നഗരത്തിലെ പ്രധാന മാര്‍ക്കറ്റിലാണ് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന്‍റെ ആക്രമണം ഉണ്ടായത്. സാംസ്കാരിക മന്ത്രിയും സർക്കാർ വക്താവുമായ ഖാലിദ് അൽ-അലൈസിർ ആക്രമണത്തെ അപലപിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു.

ആർ‌എസ്‌എഫിന്‍റെ നിയന്ത്രണത്തിലുള്ള പടിഞ്ഞാറൻ ഒമ്ദുര്‍മനിൽ നിന്നാണ് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പീരങ്കി ആക്രമണം ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആർ‌എസ്‌എഫ് കമാൻഡർ മുഹമ്മദ് ഹംദാൻ ഡാഗ്ലോ സൈന്യത്തിൽ നിന്ന് തലസ്ഥാനം തിരിച്ചുപിടിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഒരു ദിവസത്തിന് ശേഷമാണ് ആക്രമണം ഉണ്ടാകുന്നത്. അതേസമയം, പൗരന്‍മാരെ ലക്ഷ്യമിട്ട് തങ്ങള്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത ആര്‍എസ്എഫ് നിഷേധിച്ചു. സുഡാനി സൈന്യമാണ് പൗരന്‍മാരെ കൊന്നൊടുക്കിയെതന്നും ആര്‍എസ്എഫ് ആരോപിച്ചു.

അതേസമയം, അർധ സൈനികവിഭാഗമായ റാപ്പിഡ്‌ സപ്പോർട്ട്‌ ഫോഴ്‌സും സുഡാൻ സൈന്യവും തമ്മിൽ 2023 ഏപ്രിലിനും 2024 ജൂണിനും ഇടയിലുണ്ടായ സംഘർഷങ്ങളിൽ 28,000 പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. യുഎൻ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ പ്രകാരം ഖാർത്തൂമിൽ കുറഞ്ഞത് 106,000 ആളുകളെങ്കിലും പട്ടിണി അനുഭവിക്കുന്നുണ്ട്‌. 3.2 ദശലക്ഷം ആളുകൾ പട്ടിണിയുടെ വക്കിലാണ്‌. കൂടാതെ വടക്കുകിഴക്കൻ ആഫ്രിക്കയിലെ അഞ്ച് പ്രദേശങ്ങളിൽ ക്ഷാമവും പ്രഖ്യാപിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.