ചൊവ്വാഴ്ച ആരംഭിച്ച കാട്ടുതീ തെക്കൻ കാലിഫോർണിയയെ കറുത്ത പുകയിലാഴ്ത്തി കത്തിപ്പടർന്നുകൊണ്ടിരിക്കുകയാണ്. മഹാദുരന്തമായി പ്രഖ്യാപിച്ച കാട്ടുതീക്കെടുത്താൻ നിരവധി തടവുകാരെയും ഉൾപ്പെടുത്തി സേന സജ്ജീകരിച്ചിരിക്കുകയാണ് സംസ്ഥാനം. ഇതിൽ 1,000 പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്നു. കാലിഫോർണിയ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കറക്ഷൻസ് ആൻഡ് റീഹാബിലിറ്റേഷൻ്റെ (സിഡിസിആർ) നേതൃത്വത്തിലുള്ള കാട്ടുതീക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് തടവുകാരും ഈ സേനയിൽ ഉൾപ്പെടുത്തിയത്.
കാലിഫോർണിയയുടെ സമ്പന്നതയെ കൂടി വെല്ലുവിളിച്ചാണ് നിലവിൽ കാട്ടുതീ പടർന്നുകൊണ്ടിരിക്കുന്നത്. 288 കോടി രൂപ വില മതിക്കുന്ന ബംഗ്ലാവ് കത്തിനശിക്കുന്ന ദൃശ്യം നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് കൂടാതെ നിരവധി വിലകൂടിയ വീടുകളും കത്തിനശിച്ചിട്ടുണ്ട്. അതേസമയം 10,000-ലധികം കെട്ടിടങ്ങളും 37,000 ഏക്കർ സ്ഥലവും മുഴുവൻ കത്തിനശിച്ചു. ഈ കാട്ടുതീയിൽ 11 പേർ മരിച്ചതായും അധികൃതർ വ്യക്തമാക്കി.
നിലവിൽ 939 ഫയർ ക്യാമ്പ് അഗ്നിശമന സേനാംഗങ്ങൾ, 110 സപ്പോർട്ട് സ്റ്റാഫുകൾ ഉൾപ്പെടെയാണ് ഈ പോരാട്ടത്തിൽ പ്രവര്‍ത്തിക്കുന്നതെന്ന് കാലിഫോർണിയയിലെ കറക്ഷൻ ആൻഡ് റീഹാബിലിറ്റേഷൻ വകുപ്പ് വെള്ളിയാഴ്ച NPR-ന് നൽകിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
തടവുകാരെ സേനാംഗങ്ങളായി ഉപയോഗിക്കുന്ന രീതി കാലിഫോർണിയയിൽ പുതിയതല്ല. നൂറ്റാണ്ടുകളായി രാജ്യത്തുടനീളമുള്ള അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും പ്രവര്‍ത്തിക്കുന്നതിനായി ഇത്തരത്തിൽ ജയിൽ തൊഴിലാളികളെ ഉപയോഗിച്ചുവരുന്നുണ്ട് കാലിഫോർണിയ. അതേസമയം 1915 മുതൽ തടവിലാക്കപ്പെട്ട അഗ്നിശമന സേനാംഗങ്ങളെയാണ് ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് കാലിഫോർണിയ തിരഞ്ഞെടുക്കുന്നത്.
ഇതിന്റെ ഭാഗമായി അവർക്ക് പ്രതിദിനം $5.80 നും $10.24 നും ഇടയിൽ ശമ്പളം നൽകുമെന്നും കാലിഫോർണിയ അധികൃതർ പറയുന്നു. അടിയന്തര സാഹചര്യങ്ങളിലും മറ്റ് സാഹചര്യങ്ങളിലും അധിക വേതനം നൽകുകയും ചെയ്യും.
അതേസമയം ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ വോളന്റിയറായി പ്രവർത്തിക്കുന്നവർക്ക് അവരുടെ ജയിൽ ശിക്ഷ കുറയ്ക്കാൻ സഹായിക്കുന്ന ടൈം ക്രെഡിറ്റുകൾ നേടാൻ കഴിയുമെന്നാണ് സിഡിആർസി അറിയിച്ചിരിക്കുന്നത്. എന്നാൽ “ഗുരുതരമായ” കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് പങ്കെടുക്കാൻ അർഹതയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മഹാ ദുരന്തമായി പരിണമിച്ച കാട്ടുതീ കാലിഫോർണിയയുടെ സിവിലിയന്മാരുടെ ജീവനും സ്വത്തിനും കൂടിയാണ് വെല്ലുവിളി ഉയർത്തുന്നത്. തീ കെടുത്താനുള്ള പോരാട്ടത്തിൽ സംസ്ഥാനവും നാഷണൽ ഗാർഡും കാനഡയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും ഉൾപ്പെടെ 7,500-ലധികം എമർജൻസി ഉദ്യോഗസ്ഥരെയും ഫസ്റ്റ് റെസ്‌പോണ്ടർമാരെയും സംസ്ഥാനം വിളിച്ചിട്ടുണ്ട്. എന്നാൽ നിയന്ത്രണ വിധേയമാകാതെ കാട്ടുതീ കാലിഫോർണിയയെ കാർന്നു തിന്നുക തന്നെയാണ്.