മദ്യപാനശീലമുണ്ടെങ്കിൽ വീട്ടിൽവെച്ചായിക്കോട്ടേ ; നയം വിശദീകരിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: മദ്യപാനവുമായി ബന്ധപ്പെട്ട പാർട്ടി പ്രവർത്തകരേഖയിലെ ഭേദ​ഗതിയിൽ പ്രതികരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി അം​ഗങ്ങൾക്ക് മദ്യപാനശീലമുണ്ടെങ്കിൽ അത് വീട്ടിൽ വെച്ചായിക്കോട്ടേ എന്നാണ് അദ്ദേഹം പറഞ്ഞത്. മദ്യവർജനമാണ് പാർട്ടി നയമെന്നും അദ്ദേഹം വ്യക്തമാക്കി.

പെരുമാറ്റച്ചട്ടത്തിലെ ഭേദ​ഗതി വിവാദമായതോടെയാണ് പാർട്ടി നയം വ്യക്തമാക്കി ബിനോയ് വിശ്വം രം​ഗത്തെത്തിയത്. കമ്മ്യൂണിസ്റ്റുകാർ മദ്യപിച്ച് നാല് കാലിൽ ജനങ്ങൾക്കുമുന്നിൽ വരാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യപിക്കുന്നതിന് വേണ്ടി ചീത്ത കൂട്ടുകെട്ടിൽപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യപിക്കാനായി ഏതെങ്കിലും പണക്കാരന്റെ കൂടെ പോകുകയോ അവരുടെ കയ്യിൽ നിന്ന് പണം വാങ്ങി മദ്യപിക്കുകയോ ചെയ്യാൻ പാടില്ല. സദാചാര മൂല്യങ്ങൾ പാലിക്കണം. പാർട്ടി പ്രവർത്തകർ സമൂഹത്തിൽ അം​ഗീകാരം നേടേണ്ടവരാണ്.” അദ്ദേഹം പറഞ്ഞു.

മുപ്പത് വർഷത്തിലേറെയായി ഒരേ പെരുമാറ്റച്ചട്ടമായിരുന്നു സി.പി.ഐക്കുണ്ടായിരുന്നത്. ഏറ്റവും ഒടുവിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ് പെരുമാറ്റച്ചട്ടത്തിൽ ഭേദ​ഗതി വേണമെന്ന ആവശ്യമുയർന്നത്. ഇതിനെത്തുടർന്ന് നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഭേദ​ഗതി വരുത്തുകയും സർക്കുലർ പുറത്തിറക്കുകയും ചെയ്തത്. ഇതിലാണ് ഇപ്പോൾ ചർച്ചയായ മദ്യപാനത്തെക്കുറിച്ച് പരാമർശിക്കുന്നതും.

© 2025 Live Kerala News. All Rights Reserved.