ഡോ. എസ് സോമനാഥിന്റെ പിൻ​ഗാമിയായി ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണൻ സ്ഥാനമേൽക്കും

ന്യൂഡൽഹി: ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണൻ എത്തും. നിലവിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിൻ്റെ (LPSC) ഡയറക്ടറായ നാരായണൻ തമിഴ്നാട്ടിലെ കന്യാകുമാരി സ്വദേശിയാണ്. ബഹിരാകാശവകുപ്പ് സെക്രട്ടറിയുടെയും ബഹിരാകാശ കമ്മിഷൻ ചെയർമാന്റെയും ചുമതലകളും നാരായണനാകും. നിലവിലെ ചെയർമാൻ ഡോ. എസ്. സോമനാഥ് സ്ഥാനമൊഴിയുന്ന ജനുവരി 14-നാണ് വി നാരായണൻ ഐഎസ്ആർഒ ചെയർമാനായി ചുമതലയേൽക്കുക.

റോക്കറ്റ് & സ്പേസ് ക്രാഫ്റ്റ് പ്രൊപ്പൽഷൻ വിദഗ്ധനായ ഡോ. വി നാരായണൻ 1984-ലാണ് ഐഎസ്ആർഒയിൽ എത്തിയത്. എൽപിഎസ് സിയുടെ ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ, നാലര വർഷക്കാലം, വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ (VSSC) സൗണ്ടിംഗ് റോക്കറ്റുകളുടെയും ഓഗ്മെൻ്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എഎസ്എൽവി), പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) എന്നിവയുടെ സോളിഡ് പ്രൊപ്പൽഷൻ ഏരിയയിലും പ്രവർത്തിച്ചു. അബ്ലേറ്റീവ് നോസൽ സിസ്റ്റങ്ങൾ, കോമ്പോസിറ്റ് മോട്ടോർ കേസുകൾ, കോമ്പോസിറ്റ് ഇഗ്നൈറ്റർ കേസുകൾ എന്നിവയുടെ പ്രോസസ് പ്ലാനിംഗ്, പ്രോസസ് കൺട്രോൾ, റിയലൈസേഷൻ എന്നിവയിൽ സംഭാവന നൽകി.

© 2025 Live Kerala News. All Rights Reserved.