കാനഡയെ അമേരിക്കയുടെ ഭാഗമായി ഉള്‍പ്പെടുത്തി ഒരു പുതിയ ഭൂപടം പങ്കുവെച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡയുടെ ‘സാമ്പത്തിക ശക്തി’ ഉപയോഗിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഇപ്പോല്‍ കാനഡയെ കൂടി ഉള്‍പ്പെടുത്തി പുതിയ അമേരിക്കന്‍ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. ട്രംപ് തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ആണ് കാനഡയെ കൂടി കൂട്ടിച്ചേര്‍ത്ത അമേരിക്കയുടെ ഭൂപടം പങ്കുവെച്ചിരിക്കുന്നത്. ‘ഓ കാനഡ’ എന്ന് പരിഹാസപൂര്‍വം ആ ഭൂപടത്തിന് താഴെ കുറിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ച് പുറത്തിറങ്ങിയതിന് പിന്നാലെ കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കാമെന്ന വാഗ്ദാനവുമായി ട്രംപ് വീണ്ടും രംഗത്ത് എത്തിയിരുന്നു. അതിനു ശേഷമാണ് കാനഡയുടെ സാമ്പത്തിക സ്രോതസ്സ് അമേരിക്കയ്ക്ക് വേണ്ടി ചെലവഴിക്കുമെന്ന ഭീഷണിയുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് രംഗത്ത് എത്തിയത്. ഈ ഭീഷണിക്ക് പിന്നാലെയാണ് കാനഡയെ കൂട്ടിച്ചേര്‍ത്ത അമേരിക്കയുടെ ഭൂപടം തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
കാനഡയെ അമേരിക്കയോടൊപ്പം കൂട്ടിച്ചേര്‍ക്കുമെന്ന ധ്വനി തന്റെ തെരഞ്ഞെടുപ്പ് വിജയം സാക്ഷ്യപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷം ഫ്‌ളോറിഡ മാര്‍-എ ലാഗോ ഹോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു. കാനഡയും അമേരിക്കയും ഒന്നായാല്‍ അത് വലിയ ശക്തി തന്നെയായിരിക്കുമെന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
കാനഡയുടെ സൈനിക ചെലവുകളെക്കുറിച്ചും ട്രംപ് എടുത്തുപറഞ്ഞു. അവര്‍ക്ക് വളരെ ചെറിയ സൈന്യമാണ് ഉള്ളതെന്നും ദേശീയ സുരക്ഷയ്ക്കായി ചിലപ്പോഴെങ്കിലും അവര്‍ ഞങ്ങളുടെ സൈന്യത്തെ ആശ്രയിക്കുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇതിനായി അവര്‍ അമേരിക്കയ്ക്ക് പണം നല്‍കുകയാണ് ചെയ്യുന്നത്. കാനഡയെ കരകയറ്റാന്‍ സൈനിക ശക്തി ഉപയോഗിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘ഇല്ല, പക്ഷേ സാമ്പത്തിക ശക്തി ഉപയോഗിച്ചേക്കും എന്നാണ് ട്രംപ് അന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.