തിരുവനന്തപുരം: വന നിയമ ഭേദഗതി ബില്ലിൽ രൂക്ഷമായി പ്രതികരിച്ച് പി.വി അൻവർ എംഎൽഎ. അപകടകരമായ ബിൽ ആണ് വനനിയമ ഭേദഗതിയെന്ന് പി.വി അൻവർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകളായി മാറുമെന്നും ബില്ല് തടയേണ്ട കേരള ഗവൺമെൻ്റ് ഒന്നും ചെയ്യുന്നില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. വനം വകുപ്പ് ഭൂമി കയ്യേറി പിടിച്ചെടുക്കുകയാണെന്ന് പി.വി അൻവർ ആരോപിച്ചു.
വനം വകുപ്പിന് അമിതാധികാരം നൽകുന്ന ബില്ലാണ് വനനിയമ ഭേദഗതിയെന്ന് പി.വി അൻവർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹ്യദ്രോഹികളായി മാറി കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷം ഇടപെടണമെന്നും പിവി അൻവർ ആവശ്യപ്പെട്ടു. ബില്ലിനെ മന്ത്രി റോഷി അഗസ്റ്റിൻ എതിർകാത്തത് എന്തുകൊണ്ടാണെന്ന് അൻവർ ചോദിച്ചു.
അതേസമയം എ.കെ ശശീന്ദ്രൻ്റെ സംഭാവന എന്താണെന്ന് ചോദിച്ച അദ്ദേഹം കേരളത്തിന് വേണ്ടി ശശീന്ദ്രൻ ഒരു ചുക്കും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ബില്ലിൽ ഒപ്പിടാൻ ഉള്ളതുകൊണ്ടാണ് എൻ.സി.പി ആവശ്യപ്പെട്ടിട്ടും ശശീന്ദ്രനെ മാറ്റാത്തതെന്ന് അൻവർ പറഞ്ഞു. പകരം വരുന്ന തോമസ് കെ തോമസ് വനനിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ല. ഒപ്പിട്ടാൽ സഭ പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു.