ജര്‍മ്മനിയിലെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള സംരക്ഷണം നല്‍കുന്നത് സംബന്ധിച്ച് പുനരാലോചന നടത്തുമെന്ന് ജര്‍മ്മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ പ്രഖ്യാപിച്ചു. യുദ്ധത്തില്‍ തകര്‍ന്ന സിറിയയിലെ സാഹചര്യം മെച്ചപ്പെട്ട നിലയിലെത്തുകയാണെന്നും നാന്‍സി ഫൈസര്‍ ചൂണ്ടിക്കാട്ടി. ഞായറാഴ്ച ഫങ്കെ മീഡിയ ഗ്രൂപ്പിന് നല്‍കിയ അഭിമുഖത്തില്‍, ജര്‍മ്മനിയില്‍ അഭയം തേടിയ സിറിയക്കാര്‍ക്ക് ചില വ്യവസ്ഥകളില്‍ അവരുടെ രാജ്യത്തേക്ക് മടങ്ങേണ്ടിവരുമെന്ന് ഫൈസര്‍ പറയുന്നു.
ഹയാത്ത് തഹ്രീര്‍-അല്‍-ഷാം (എച്ച്ടിഎസ്) ജിഹാദികളുടെ നേതൃത്വത്തിലുള്ള വിമതഗ്രൂപ്പുകള്‍ സര്‍ക്കാര്‍ സേനയ്ക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തി ബാഷറില്‍ നിന്ന് അധികാരം പിടിച്ചെടുത്ത് ഒരു മാസത്തിന് ശേഷമാണ് ജര്‍മ്മനി ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം, ജര്‍മ്മന്‍ സമൂഹത്തിന് സംഭാവന ചെയ്യുന്ന നല്ല അഭയാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ തുടരാമെന്നും നാന്‍സി ഫൈസര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍, ക്രിമിനല്‍ കുറ്റവാളികളോ തീവ്രവാദികളോ നിയമ ചട്ടക്കൂടുകള്‍ അനുവദിക്കുന്ന പ്രകാരം നാടുകടത്തലിന് വിധേയമാകേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.
‘ഞങ്ങളുടെ നിയമം അനുശാസിക്കുന്നതുപോലെ, ജര്‍മ്മനിയിലെ സിറിയന്‍ പൗരന്‍മാര്‍ക്ക് ഇവിടെ തുടരാന്‍ ആഗ്രഹമില്ലെങ്കില്‍ ഫെഡറല്‍ ഓഫീസ് ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് റഫ്യൂജീസ് (BAMF) സംരക്ഷണ ഗ്രാന്റുകള്‍ അവലോകനം ചെയ്യുകയും പിന്‍വലിക്കുകയും ചെയ്യുമെന്നും നാന്‍സി ഫൈസര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജര്‍മ്മനിയില്‍ താമസിക്കാന്‍ മറ്റ് കാരണങ്ങളില്ലാത്തവര്‍ക്ക് സിറിയയിലേയ്ക്ക് മടങ്ങിപ്പോകാമെന്നും,ജോലി അല്ലെങ്കില്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നില്‍ക്കുന്നവര്‍ക്ക് ജര്‍മ്മനിയില്‍ തുടരാമെന്നും ആഭ്യന്തര മന്ത്രി നിര്‍ദ്ദേശിച്ചു. ജര്‍മ്മനിയിലേയ്ക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന സിറിയക്കാരെ പിന്തുണയ്ക്കുമെന്നും കുറ്റവാളികളെയും ഇസ്ലാമിസ്റ്റുകളെയും എത്രയും വേഗം നാടുകടത്തുമെന്നുമാണ് ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ അറിയിച്ചിരിക്കുന്നത്.
ജര്‍മ്മനിയില്‍ താമസിക്കുന്ന ഏകദേശം 975,000 അഭയാര്‍ത്ഥികളില്‍ ഏകദേശം മൂന്നിലൊന്ന് പേര്‍ക്കും അനുബന്ധ സംരക്ഷണ പദവിയുണ്ട്. സിറിയയിലെ നിലവിലെ സ്ഥിതി മാറും വരെ അതായത് അവിടെ താമസിക്കാനുള്ള സാഹചര്യം സുരക്ഷിതമാകും വരെ അവര്‍ക്ക് ജര്‍മ്മനിയില്‍ തുടരാമെന്ന് നാന്‍സി ഫൈസര്‍ എടുത്ത് പറഞ്ഞിട്ടുണ്ടെന്ന് ഫങ്കെ മീഡിയ റിപ്പോര്‍ട്ട് ചെയ്തു.