ജര്‍മനിയിലെ അന്‍സ്ബാക്കില്‍ റസ്റ്ററന്റില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്; കൊല്ലപ്പെട്ടത് അക്രമി തന്നെയെന്ന് സൂചന

ബെര്‍ലിന്‍: തീവ്രവാദ ഭീഷണിയില്‍ നിന്നും മുക്തമാകാതെ ജര്‍മ്മനിയില്‍ മൂന്നാമതും സ്‌ഫോടനം.തെക്കന്‍ ജര്‍മനിയിലെ അന്‍സ്ബാക്കില്‍ റസ്റ്ററന്റില്‍ സ്‌ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടത് അക്രമി തന്നെയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ചില മാധ്യമങ്ങള്‍ സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, തൊട്ടടുത്ത് സംഗീതപരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചു. സംഭവ സ്ഥലം പോലീസ് വളഞ്ഞിരിക്കുകയാണ്. ബവേറിയന്‍ ആഭ്യന്തരമന്ത്രി സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ ബവേറിയയില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.

കഴിഞ്ഞ ദിവസം മ്യൂണിക്കിലെ ഒളിമ്പിയ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടിരുന്നു. വൂര്‍സ്ബര്‍ഗില്‍ ഒരു ട്രെയിനില്‍ കഠാര ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയ സംഭവവും കഴിഞ്ഞ ആഴ്ചയിലാണ് നടന്നത്. ഗ്യാസ് പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ബോംബ് സ്‌ഫോടനം തന്നെയാണ് ഇതെന്ന് പിന്നീട് ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചു. ബാക്ക്പാക്ക് ധരിച്ചയാളാണ് സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ അക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.