ഉത്തര്‍പ്രദേശിൽ ഖലിസ്ഥാൻ ഭീകരരെന്ന് കരുതുന്ന മൂന്ന് പേരെ വെടിവച്ച് കൊന്നു : മൂവരും പഞ്ചാബിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചവർ

ലഖ്‌നൗ: ഖലിസ്ഥാൻ ഭീകരരെന്ന് സംശയിക്കുന്ന മൂന്നു പേരെ ഉത്തര്‍പ്രദേശ് പോലീസ് വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം.

പഞ്ചാബിലെ ഗുരുദാസ്പൂരില്‍ പോലീസ് പോസ്റ്റിന് നേരെ ഗ്രനേഡ് എറിഞ്ഞവരെന്ന് ആരോപിക്കപ്പെടുന്ന ഗുര്‍വീന്ദര്‍ സിങ്, വീരേന്ദ്ര സിങ്, ജസന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാൻ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇവരെന്നും എകെ-47 തോക്കുകളും ഗ്ലോക്ക് പിസ്റ്റളുകളും പിടിച്ചെടുത്തെന്നും പോലീസ് പറഞ്ഞു.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇവരോട് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും വെടിവച്ചാണ് പ്രതികരിച്ചതെന്നും പോലീസ് പറയുന്നു. തുടര്‍ന്നു നടന്ന വെടിവയ്പിലാണ് മൂന്നു പേരും കൊല്ലപ്പെട്ടത്.

പഞ്ചാബിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ പോലീസിന് നേരെ ആക്രമണങ്ങള്‍ നടത്തുന്നവരാണ് ഇവരെന്നും പോലീസ് പറയുന്നു. ഉത്തര്‍പ്രദേശ് പോലിസും പഞ്ചാബ് പോലീസും സംയുക്തമായാണ് പ്രതികളെ നേരിട്ടതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു

പഞ്ചാബിലെ മൂന്നു പോലീസ് സ്‌റ്റേഷനുകള്‍ക്ക് നേരെ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ഗ്രനേഡ് ആക്രമണം നടന്നിരുന്നു.

© 2025 Live Kerala News. All Rights Reserved.