ഡമാസ്‌കസ്: ലക്ഷക്കണക്കിന് അഭയാര്‍ഥികളെ തിരിച്ചെത്തിക്കുകയും രാജ്യത്ത് അടിസ്ഥാന സേവനങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് അല്‍ ബഷീര്‍. എന്നാല്‍, സിറിയയ്ക്ക് വിദേശനാണ്യശേഖരമില്ലാത്തതിനാല്‍ ഇതെല്ലാം പ്രയാസകരമാണെന്നും വ്യക്തമാക്കി. ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച് അല്‍ ബഷീര്‍ പറഞ്ഞത്.
”ഖജനാവില്‍ സിറിയന്‍ പൗണ്ട് മാത്രമേയുള്ളൂ. ഒരു യു.എസ്. ഡോളര്‍ വാങ്ങണമെങ്കില്‍ ഞങ്ങളുടെ 35,000 നാണയം കൊടുക്കണം. ഞങ്ങളുടെ കൈയില്‍ വിദേശനാണയമില്ല. വായ്പകളുടെയും ബോണ്ടുകളുടെയും വിവരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തികസ്ഥിതി മോശമാണ്” -അല്‍ ബഷീര്‍ പറഞ്ഞു.
അതേസമയം, സിറിയയിലുള്ള 900 അമേരിക്കന്‍ സൈനികര്‍ തുടരുമെന്നു വ്യക്തമാക്കിയ യുഎസ് സേന വിമതസഖ്യവുമായി ചര്‍ച്ചയ്ക്കു ശ്രമം ആരംഭിച്ചിട്ടുണ്ട്. വിമതസേനയെ നയിക്കുന്ന ഹയാത്ത് തഹ്‌റീര്‍ അല്‍ ഷം (എച്ച്ടിഎസ്) യുഎസിന്റെ ഭീകരപട്ടികയിലുളളതായതിനാല്‍ ചര്‍ച്ച എങ്ങനെ വേണമെന്നു തീരുമാനമായിട്ടില്ല.