സിറിയന്‍ പ്രദേശത്ത് സൈനിക അധിനിവേശം വിപുലപ്പെടുത്തുന്ന ഇസ്രയേലിന്റെ നടപടിയെ ചോദ്യം ചെയ്ത് സൗദി അറേബ്യ. ആഭ്യന്തരയുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്ന രാജ്യത്ത് സ്ഥിരത പുനഃസ്ഥാപിക്കാനുള്ള സാധ്യതകളെ തകര്‍ക്കുകയാണ് ഇസ്രയേല്‍ ചെയ്യുന്നതെന്ന് സൗദി ആരോപിച്ചു. 1973-ലെ യോം കിപ്പൂര്‍ യുദ്ധത്തിന് ശേഷം സ്ഥാപിതമായ സൈനികവല്‍ക്കരിക്കപ്പെട്ട ബഫര്‍ സോണ്‍ പിടിച്ചെടുത്ത് ഇസ്രയേല്‍ സൈന്യം സിറിയന്‍ പ്രദേശത്തേക്ക് കൂടുതല്‍ നീങ്ങുകയായിരുന്നു. ഡമാസ്‌കസ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ നേതൃത്വത്തിലുള്ള സായുധ പ്രതിപക്ഷ സേനയുടെ സഖ്യം അസദ് ഭരണകൂടത്തെ വീഴ്ത്തിയതിന് ശേഷം ഇസ്രയേല്‍ സേന ബഫര്‍ സോണ്‍ പ്രദേശത്തേയ്ക്ക് നീങ്ങുകയായിരുന്നു. 1967ലെ ആറ് ദിവസത്തെ യുദ്ധത്തിന് ശേഷം ഇസ്രയേല്‍ അനധികൃതമായി കൈവശപ്പെടുത്തിയ സിറിയയിലെ ഗോലാന്‍ കുന്നുകളോട് ചേര്‍ന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
അന്താരാഷ്ട്ര നിയമങ്ങളുടെ തുടര്‍ച്ചയായ ലംഘനവും സിറിയയുടെ സുരക്ഷ, സ്ഥിരത, പ്രാദേശിക സമഗ്രത എന്നിവ പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകളെയാണ് ഇസ്രയേല്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.