നിപ വൈറസ് ബാധ: വീണ്ടും കേന്ദ്ര സംഘമെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വീണ്ടും കേന്ദ്ര സംഘമെത്തും. നിപ രോഗബാധ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങള്‍ വീണ്ടും പഠനം നടത്തനായി എത്തുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പൂനൈ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം.

കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും. രോഗവാഹകരെന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും. അതേസമയം നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 267 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. 37 പേരുടെ സാമ്പിള്‍ നെഗറ്റീവായി.

സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്‍ഡറി കോണ്‍ടാക്ട് പട്ടികയുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂര്‍ പഞ്ചായത്തുകളിലായി നടത്തി വന്ന ഫീല്‍ഡ് സര്‍വെ പൂര്‍ത്തിയായി.

© 2025 Live Kerala News. All Rights Reserved.