നീറ്റ് ഒഴിവാക്കി പഴയ രീതിയിൽ സംസ്ഥാനങ്ങൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് മമത

ഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) സംവിധാനം ഒഴിവാക്കി പഴയ രീതിയിൽ സംസ്ഥാനങ്ങൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാറും. തമിഴ്നാട് സർക്കാർ നിരന്തരം ആവശ്യപ്പെടുന്നതിന് പിന്നാലെയാണ് ബംഗാളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുവന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇക്കാര്യം ആവശ്യപ്പെട്ട് ​പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ചോദ്യപേപ്പർ ചോർച്ച പശ്ചിമ ബംഗാളിൽ പതിനായിരക്കണക്കിന് വിദ്യാർഥികളെയാണ് ബാധിച്ചതെന്നും സുതാര്യമായ അന്വേഷണം നടത്തണമെന്നും കത്തിൽ വ്യക്തമാക്കി.2017ന് മുമ്പ് സംസ്ഥാനങ്ങൾക്ക് സ്വന്തം പ്രവേശന പരീക്ഷ നടത്താൻ അനുവാദമുണ്ടായിരുന്നു. ഈ സംവിധാനം പ്രശ്‌നങ്ങളില്ലാതെ സുഗമമായി നടന്നുപോന്നു.

വിദ്യാഭ്യാസത്തിനും ​ഇന്റേൺഷിപ്പിനുമായി ഡോക്ടറാകുന്ന ഒരാൾക്ക് സംസ്ഥാന സർക്കാർ സാധാരണയായി 50 ലക്ഷം രൂപയിലധികം ചെലവഴിക്കുന്നുണ്ട്. അതിനാൽ, അവരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തിന് നൽകണം.വികേന്ദ്രീകൃത സമ്പ്രദായം കേന്ദ്രം പിന്നീട് കേന്ദ്രീകൃത പരീക്ഷാ സമ്പ്രദായത്തിലേക്ക് (നീറ്റ്) മാറ്റി.

ഇത് ഫെഡറൽ സംവിധാനങ്ങൾക്ക് എതിരാണ്. നീറ്റ് വൻ അഴിമതിയാണ്. സമ്പന്നർക്ക് മാത്രം പ്രയോജനം ചെയ്യുന്നതിലേക്ക് മാറി. എല്ലാവരെയും ഉൾക്കൊള്ളാൻ പഴയ സംവിധാനത്തിലേക്ക് തന്നെ മാറണമെന്നും മമത കത്തിൽ ആവശ്യപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.