മുഖ്യമന്ത്രിയുടെ വിദേശയാത്ര തന്നെ അറിയിച്ചിട്ടില്ല, ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി; ഗവര്‍ണര്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി. മുന്‍പ് നടത്തിയ വിദേശയാത്രകളെ കുറിച്ചും മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

ഇതേക്കുറിച്ച് രാഷ്ട്രപതിയ്ക്ക് കത്തയച്ച് അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തില്‍ പ്രതികരിക്കാന്‍ താനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ആനന്ദ ബോസ് തന്നെ സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.