വിസിമാരുടെ രാജി: അസാധാരണ സാഹചര്യത്തിൽ ഹൈക്കോടതിയില്‍ ഇന്ന് വൈകിട്ട് പ്രത്യേക സിറ്റിംഗ്

കൊച്ചി: 9 വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച അന്ത്യശാസനത്തിന്‍റെ സമയം രാവിലെ 11.30 ന് അവസാനിച്ചെങ്കിലും ആരും രാജിവച്ചില്ല. മാത്രമല്ല നിയമ നടപടി സ്വീകരിക്കുമെന്ന് 6 വിസി മാര്‍ രാജ്ഭവനെ അറിയിക്കുകയും ചെയ്തു. അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതി ഇന്ന് വൈകിട്ട് സപെഷ്യല്‍ സിറ്റിംഗ് നടത്തും. ദീപാവലി പ്രമാണിച്ച് ഇന്ന് കോടതിക്ക് അവധിയാണ്.

എന്നാല്‍ വിഷയം ഇന്ന് തന്നെ പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ ബഞ്ച് ഇന്ന് വൈകിട്ട് വിസി മാരുടെ ഹര്‍ജി പരിഗണിക്കും. അതേസമയം, സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് വി.സിമാർ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചു.

ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്യണം. തൽസ്ഥാനത്ത് തുടരാൻ അനുവദിക്കണം.ഗവർണറുടെ നോട്ടീസ് നിയമപരമല്ല.നടപടിക്രമങ്ങൾ പാലിച്ചില്ല.കാരണം കാണിക്കൽ നോട്ടീസ് നൽകി അന്വേഷണം നടത്തിയാലേ നടപടിയെടുക്കാൻ സാധിക്കൂ. ഗുരുതമായ ചട്ടലംഘനമോ പെരുമാറ്റദൂഷ്യമോ ഉണ്ടായാൽ മാത്രമേ വി.സിമാരെ പുറത്താക്കാൻ സാധിക്കൂവെന്നും ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.