ഉമ്മന്‍ചാണ്ടിയ്ക്ക് ഇനിയും നീതി ലഭിക്കാനുണ്ട്, നീതി കിട്ടുമെന്നും അതിന് കാലം സാക്ഷിയാകും; അച്ചു ഉമ്മന്‍

ഷാര്‍ജ: നിരപരാധിയെന്ന് തെളിഞ്ഞെങ്കിലും ഉമ്മന്‍ചാണ്ടിയ്ക്ക് ഇനിയും നീതി ലഭിക്കാനുണ്ടെന്ന് മകള്‍ അച്ചു ഉമ്മന്‍. നീതി കിട്ടുമെന്നും കാലം അതിന് സാക്ഷിയാകുമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ കാലം സാക്ഷിയുടെ ഷാര്‍ജയില്‍ നടന്ന പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അച്ചു.

കാലം സാക്ഷിയെന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന പുസ്തകം മകള്‍ അച്ചു ഉമ്മന്‍, പ്രമുഖ വ്യവസായിയും ആസാ ഗ്രൂപ്പ് ചെയര്‍മാനുമായ സി പി സാലിഹിന് നല്‍കി പ്രകാശനം ചെയ്തു. താന്‍ നിരപരാധിയെന്ന റിപ്പോര്‍ട്ട് കണ്ടതിന് ശേഷമായിരുന്നു അപ്പയുടെ മരണം. കുറുക്കുവഴികള്‍ തേടിയാല്‍ ഒഴിവാക്കാമായിരുന്ന പ്രതിസന്ധികള്‍ക്ക് മുന്നിലും ഉമ്മന്‍ചാണ്ടി മുറുകെപ്പിടിച്ച ആദര്‍ശം പുസ്തകം വായിച്ചാല്‍ മനസ്സിലാകുമെന്നും മകള്‍ പറഞ്ഞു.

ആരേയും വേദനിപ്പിക്കുന്നതൊന്നും, പുസ്തകത്തില്‍ ഇല്ലെന്ന് രണ്ട് തവണ വായിച്ച് ഉമ്മന്‍ചാണ്ടി ഉറപ്പുവരുത്തിയിരുന്നെന്ന് ആത്മകഥയുടെ എഴുത്തുകാരന്‍ സണ്ണിക്കുട്ടി എബ്രഹാം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. രാഷ്ട്രീയ പ്രതിസന്ധികളിലെ ഉമ്മന്‍ചാണ്ടിയുടെ സഹനവും ത്യാഗങ്ങളും പുസ്തകത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.