കൊലക്കേസുകൾ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കുന്നതിന് ഹൈക്കോടതി കർമ്മ പദ്ധതി ആവിഷ്‌കരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊലപാതക കേസുകളിൽ വിചാരണ നീണ്ടുപോകുന്നതിൽ കേരളാ ഹൈക്കോടതി ഉത്കണ്ഠ രേഖപ്പെടുത്തി. വിചാരണ പൂർത്തിയാകാത്ത കേസുകളുടെ എണ്ണപ്പെരുപ്പവും, വിചാരണ നീളുന്നത് കൊലക്കേസുകളിൽ സാക്ഷികൾ കൂറുമാറുന്നതിന് കാരണമാകുന്നുവെന്ന വിലയിരുത്തലുമാണ് ഹൈക്കോടതിയുടെ ഉത്കണ്ഠയ്ക്ക് പിന്നിൽ.

ഈ സാഹചര്യത്തിൽ കൊലക്കേസുകൾ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കുന്നതിന് ഹൈക്കോടതി കർമ്മ പദ്ധതി ആവിഷ്‌കരിച്ചു. തിരുവനന്തപുരത്ത് 2 കോടതികളും തൃശ്ശൂർ, കൊല്ലം തലശേരി എന്നിവിടങ്ങളിൽ ഓരോ കോടതികളും കൊലപാതക കേസ് മാത്രം പരിഗണിക്കണമെന്ന് ഈ കർമ്മ പദ്ധതിയിൽ നിർദ്ദേശിക്കുന്നു. ഈ കോടതികൾ മാസം അഞ്ച് കൊലക്കേസുകൾ വീതം തീർപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

അഡീഷണൽ സെഷൻസ് കോടതികൾ അവധി കാലത്തും കേസുകൾ തീർപ്പാക്കണമെന്നും മാർച്ച് 31 ന് മുൻപ് കുറ്റപത്രം നൽകിയ കേസുകൾ ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ആവശ്യമായ ക്രമീകരണം കോടതികളിൽ ഇന്ന് തന്നെ ഉണ്ടാക്കി ഹൈക്കോടതിയെ വിവരം അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിമാരോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി കത്തയച്ചു.

© 2025 Live Kerala News. All Rights Reserved.