പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ഉൾപ്പെടെ വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്. വന്ദേഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കും.രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംസ്ഥാന സർക്കാരിന് വേണ്ടി ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിക്കും. 10.30നാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ്ഓഫ്. അതിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കൊപ്പം അൽപ്പസമയം ചെലവഴിക്കും.

തുടർന്ന് പാളയം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കും. റെയിൽവേയുമായി ബന്ധപ്പെട്ട് 1900കോടി രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാർ വൈഷ്ണവ്, കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വി.അബ്ദുറഹിമാൻ, ആന്റണി രാജു, ശശി തരൂർ എംപി തുടങ്ങിയവർ പങ്കെടുക്കും.

കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനവും ടെക്‌നോസിറ്റിയിലെ ഡിജിറ്റൽ സയൻസ് പാർക്ക് ശിലാസ്ഥാപനവും പ്രധാനമന്ത്രി ഇന്ന് നിർവഹിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഗുജറാത്തിലെ സൂറത്തിലേക്ക് അദ്ദേഹം തിരിക്കും.

© 2025 Live Kerala News. All Rights Reserved.