തെളിവെടുപ്പിനിടെ ഐസ്ക്രീം വില്പനക്കാരിയുടെ ചോദ്യം ഗ്രീഷ്മയ്ക്ക് പിടിച്ചില്ല, ക്ഷോഭിച്ച് ഷാരോൺ കേസിലെ പ്രതി

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിലെ മുഖ്യപ്രതി ​ഗ്രീഷ്മയെ തെളിവെടുപ്പിനായി തിരുവനന്തപുരം നഗരത്തിലെ വേളി, വെട്ടുകാട് പ്രദേശങ്ങളിൽ ഇന്നലെ കൊണ്ടുവന്നിരുന്നു. ഷാരോണുമൊത്ത് കറങ്ങിയ സ്ഥലങ്ങളും താലികെട്ടിയ ഇടവും ഗ്രീഷ്മ പൊലീസിന് കാണിച്ച് കൊടുത്തു. താലികെട്ടിന് ശേഷം ബീച്ചിലൂടെ കുറച്ച് നേരം നടന്നുവെന്നും ഗ്രീഷ്മ പറഞ്ഞു. ഇതിനിടെ ഇവിടെ വെച്ച് ഒരു ഐസ്ക്രീം വില്പനക്കാരിയോട് ഗ്രീഷ്മ ക്ഷോഭിക്കുകയും ചെയ്തു. പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ഗ്രീഷ്മ ഇവരോട് കയർത്തത്.

‘വെട്ടുകാട് പള്ളിയിൽ വെച്ച് ഷാരോൺ തന്റെ കഴുത്തിൽ താലികെട്ടി. ശേഷം ബീച്ചിലൂടെ നടന്നു. കുറച്ചു ദൂരം പോയിട്ട് തിരിച്ചുവന്നു. ഭയങ്കര വെയിലായിരുന്നു’ -ഗ്രീഷ്മ ബീച്ച് ചൂണ്ടിക്കാട്ടി കൂസലില്ലാതെ പറഞ്ഞു. അവിടെയുണ്ടായിരുന്ന ഐസ്‌ക്രീം വില്‍പ്പനക്കാരിയായ സ്ത്രീ, താന്‍ ഈ കുട്ടിയെ കണ്ടിട്ടുണ്ടെന്നും അവരുടെ പക്കല്‍നിന്ന് അന്ന് ഐസ്‌ക്രീം വാങ്ങിയിരുന്നുവെന്നും പോലീസിനോടു പറഞ്ഞു. എന്നാല്‍, ഗ്രീഷ്മ ഇവരോട് ക്ഷോഭിക്കുകയാണ് ചെയ്തത്. താൻ അവരുടെ കടയിൽ നിന്ന് ഐസ്ക്രീം വാങ്ങിയിട്ടില്ലെന്നും നുണ പറയുകയാണെന്നും ഗ്രീഷ്മ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.