ഷാരോണ്‍ വധക്കേസ് തമിഴ്‌നാട് പൊലീസിനു കൈമാറണമെന്നു ക്രൈംബ്രാഞ്ചിനു നിയമോപദേശം

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസ് തമിഴ്‌നാട് പൊലീസിനു കൈമാറുകയാണ് അഭികാമ്യമെന്നു ക്രൈംബ്രാഞ്ചിനു നിയമോപദേശം.

കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേരള പൊലീസ് അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്.

കേരള പൊലീസ് അന്വേഷണം നടത്തുന്നത് ഭാവിയില്‍ നിയമപ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കാന്‍ സാധ്യതയുണ്ട്. പ്രതി ഇതിനെ കോടതിയില്‍ ചോദ്യം ചെയ്‌തേക്കാം. ഇതു കണക്കിലെടുത്താണ് അന്വേഷണവും വിചാരണയും തമിഴ്‌നാട്ടില്‍ നടത്തുന്നതാണ് അഭികാമ്യമെന്ന് നിയമോപദേശത്തില്‍ പറയുന്നത്.

ഷാരോണിന് വിഷം കലര്‍ന്ന കഷായം നല്‍കിയത് ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ വീട്ടില്‍ വെച്ചാണ്.ഈ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്. തെളിവുകള്‍ കണ്ടെടുത്തതും ഇവിടെ നിന്നാണ്.

ഷാരോണ്‍ വധക്കേസില്‍ പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും കേരളത്തിലെ പാറശ്ശാല പൊലീസാണ്. ഇതു പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടില്‍ ആയതിനാല്‍ അന്വേഷണവുമായി മുന്നോട്ടുപോവുന്നതില്‍ നിയമപ്രശ്‌നമുണ്ടോ എന്നറിയാനാണ്, ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയത്.

കേസില്‍ കൊല്ലപ്പെട്ട ഷാരോണിന്റെ പെണ്‍സുഹൃത്ത് ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രീഷ്മയുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ വിഷക്കുപ്പി ഉള്‍പ്പെടെ കണ്ടെടുക്കുകയും ചെയ്തു.

© 2025 Live Kerala News. All Rights Reserved.