കോയമ്പത്തൂര്‍ സ്ഫോടനം: IS ആസൂത്രണം ചെയ്തത് വന്‍ ആക്രമണം, ലക്ഷ്യമിട്ടത് 6 ക്ഷേത്രങ്ങളെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ട്

ചെന്നൈ: കോയമ്പത്തൂരിലെ ഉക്കടത്ത് പ്രശസ്തമായ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം ഒക്ടോബര്‍ 23 ന് ഉണ്ടായ കാര്‍ സ്ഫോടനം ഇസ്ലാമിക് സ്റ്റേറ്റ് (IS) വലിയൊരു ആക്രമണമായാണ് ആസൂത്രണം ചെയ്തിരുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സ്‌ഫോടനത്തില്‍ 25 കാരന്‍ കൊല്ലപ്പെട്ടിരുന്നു. പ്രതികള്‍ കോയമ്പത്തൂരിലെ ആറ് ക്ഷേത്രങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച് അറിഞ്ഞിരുന്നുവെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

ഇതിന് പുറമെ പ്രതികള്‍ സ്ഫോടക വസ്തുക്കളെ കുറിച്ച് ഗവേഷണം നടത്തുകയും പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവ ഉപയോഗിച്ച് ചില സ്ഫോടകവസ്തുക്കള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ആക്രണം ഒരു പ്രധാന വ്യക്തിയെയോ നേതാവിനെയോ ലക്ഷ്യമിട്ടുള്ളതാണോയെന്നും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.

സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടില്‍ നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍ തുടങ്ങിയ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ ഭീകരപ്രവര്‍ത്തനത്തിനാണ് പദ്ധതിയിട്ടിരുന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. 2019 ല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്തയാളാണ് മുബിന്‍.

© 2025 Live Kerala News. All Rights Reserved.