വെള്ളപ്പൊക്കത്തിനു പിന്നാലെ പാകിസ്താനില്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ പടരുന്നു

കറാച്ചി: കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ പാകിസ്താനില്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ പെരുകുന്നു. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളാണ് പടര്‍ന്നുപിടിക്കുന്നത്. സിന്ധ് പ്രവിശ്യയില്‍ 3,830 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒമ്പതു പേര്‍ മരിച്ചു. പ്രവിശ്യയില്‍ എല്ലായിടത്തും രോഗവ്യാപനമുണ്ടെന്നും നിരവധി മെഡിക്കല്‍ ക്യാംപുകള്‍ തുറന്നതായും പാക് മെഡിക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ഗഫൂര്‍ ഷോറോ പറഞ്ഞു. വരുംദിവസങ്ങളില്‍ രോഗവ്യാപനം വര്‍ധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
പലയിടങ്ങളിലും വെള്ളപ്പൊക്കത്തിന് കുറവുണ്ടായിട്ടുണ്ടെങ്കിലും ശുദ്ധജല ക്ഷാമം രൂക്ഷമാണ്. വെള്ളപ്പൊക്കം 33 ദശലക്ഷം ആളുകളെയാണ് ബാധിച്ചത്. 1500ഓളം പേര്‍ മരിച്ചു. രണ്ടു മാസത്തോളമായി കനത്ത മണ്‍സൂണ്‍ തുടരുകയായിരുന്നു. ജനജീവിതം ഇപ്പോഴും സാധാരണനിലയിലായിട്ടില്ല.

© 2025 Live Kerala News. All Rights Reserved.