കൊച്ചിയിലെ നാല് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം;രണ്ടു പേര്‍ക്ക് പരിക്ക്

കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് നാല് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം .മുകളിലത്തെ നിലകളില്‍ ലോഡ്ജും താഴെ റെസ്റ്റോറന്റും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് പുലര്‍ച്ചെ തീ പിടിച്ചത്. തീ പടര്‍ന്നതോടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെടാനായി പുറത്തേക്ക് ചാടി. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു. നാട്ടുകാരുടെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ ആണ് രക്ഷാപ്രവര്‍ത്തനം നടന്നത്.രാവിലെ ആറ് മണിയോടാണ് കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഒരു മണിക്കൂറിനുള്ളില്‍ നാല് നിലകളിലേക്കും തീ പടര്‍ന്നു. ഇത് വഴി വാഹനത്തില്‍ പോകുകയായിരുന്നു ഒരു കെഎസ് ഇബി ഉദ്യോഗസ്ഥന്‍ തീ പടരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കെഎസ്ഇബിയുടെ ഓഫീസിലും വിവരമറിയിച്ചു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അഗ്‌നി സുരക്ഷ സംവിധാനങ്ങള്‍ ഒന്നുമില്ലാതെയാണ് ലോഡ്ജ് പ്രവര്‍ത്തിച്ചിരുന്നത് എന്ന് ജില്ല ഫയര്‍ ഓഫീസര്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.