ഓണ്‍ലൈന്‍ റമ്മി നിരോധനവുമായി തമിഴ്നാട് സര്‍ക്കാരും; കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും

കോയമ്പത്തൂര്‍: ഓണ്‍ലൈന്‍ ചൂതാട്ടം ജീവനുതന്നെ ഭീഷണിയാകുന്നു എന്ന് ചൂണ്ടിക്കാട്ടി നിരന്തരം പരാതികള്‍ ലഭിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ റമ്മികളി നിരോധിക്കാന്‍ തീരുമാനിച്ച് തമിഴ്നാട് സര്‍ക്കാര്‍. ഓണ്‍ലൈന്‍ ചൂതാട്ടം സംഘടിപ്പിക്കുന്നവര്‍ക്കും അതില്‍ പങ്കെടുക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി വ്യക്തമാക്കി.

“ഓൺലൈൻ ചൂതാട്ടം മൂലം കടക്കെണിയിലായവർ സംസ്ഥാനത്തുടനീളം ആത്മഹത്യ ചെയ്യുന്നതിനിടയിലാണ് തീരുമാനം. ഇത്തരത്തില്‍ നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

ഓൺ‌ലൈൻ ചൂതാട്ടം മൂലം വിലപ്പെട്ട നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടുവെന്നത് നിരാശാജനകമാണെന്നാണ് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്. ഓൺ‌ലൈൻ ചൂതാട്ടത്തിനെതിരെ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെ ജസ്റ്റിസ് എൻ കിരുബകരൻ, ജസ്റ്റിസ് ബി പുഗളേന്തി എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

© 2025 Live Kerala News. All Rights Reserved.