ഞായറാഴ്ച ‘ജനതാ കര്‍ഫ്യൂ’; ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ്-19 ബാധയെ പ്രതിരോധിക്കാന്‍ ഞായറാഴ്ച രാവിലെ 7 മുതല്‍ രാത്രി 9 വരെ ആരും വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ജനങ്ങള്‍ സ്വയം ആചരിക്കുന്ന ‘ജനതാ കര്‍ഫ്യൂ’ ആണെന്നും ഈ സന്ദേശം ഫോണിലൂടെ പ്രചരിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വൈറസ് വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതലുകളെക്കുറിച്ച്‌ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

കൊറോണ രോഗം കാരണം ലോകമാകെ കടുത്ത പ്രതിസന്ധിയില്‍ ആണെന്നും ലോകമഹായുദ്ധ കാലത്ത് പോലും ഉണ്ടാകാതിരുന്ന പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നതെന്നും രോഗത്തിന്റെ സാഹചര്യത്തില്‍ ഒരാളും അലസത കാട്ടരുതെന്നും ഒരു പൗരനും ലാഘവത്തോടെ കോവിഡ് ഭീതിയെ സമീപിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ തന്നെ ബാധിക്കുന്നില്ലെന്ന് കരുതുന്നുണ്ടെങ്കില്‍, ഭയപ്പാടില്ലാതെ മാര്‍ക്കറ്റിലും മറ്റും ചുറ്റിയടിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും ചെയ്യുന്ന അന്യായമാണ്. വരുന്ന ദിവസങ്ങളില്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം വീടിന് പുറത്തിറങ്ങുക. സാമൂഹിക അകലം പാലിക്കണം. രോഗം പടരുന്നില്ലെന്ന് ഓരോരുത്തരും സ്വയം ഉറപ്പുവരുത്തണം. 65 വയസിന് മുകളിലുള്ളവര്‍ വീട്ടില്‍ തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കണം. ഈ പ്രത്യേക സാഹചര്യത്തിലെ നിയന്ത്രണങ്ങളില്‍പെടുന്നവരുടെ ശമ്ബളം തടയരുതെന്നും രാജ്യത്തെ വ്യാപാരി-വ്യവസായികളോട് പ്രധാനമന്ത്രി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.