പൗരത്വ ബില്‍, പൗരത്വ രജിസ്റ്റര്‍ വിഷയങ്ങളില്‍ പാര്‍ട്ടികളെ പഠിപ്പിക്കാന്‍ ബിജെപി

ദേശീയ പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുന്ന ബിജു ജനതാദള്‍, ജനതാദള്‍ യുണൈറ്റഡ് കക്ഷികളെ അനുനയിപ്പിക്കാന്‍ ഒരുങ്ങി ബിജെപി. ഇവരെ രജിസ്റ്ററിന്റെ വിവരങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് നീക്കമെന്ന് ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹ റാവു വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്ത ഈ പാര്‍ട്ടികള്‍ ദേശീയ പൗരത്വ രജിസ്റ്ററിലാണ് ആശങ്ക രേഖപ്പെടുത്തിയിട്ടുള്ളതെന്ന് റാവു ചൂണ്ടിക്കാണിച്ചു.

‘എന്‍ആര്‍സി നടപ്പാക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിലപാടാണ് സ്വീകരിക്കുക. എല്ലാവരോടും സംസാരിക്കുരയും ചെയ്യും. സിഎഎയ്ക്ക് ഇന്ത്യന്‍ പൗരന്‍മാരുമായി യാതൊരു ബന്ധവുമില്ല’, നരസിംഹ റാവു പറഞ്ഞു. ‘എഐഎംഐഎം നേതാവ് ഒവൈസി തന്റെ പാര്‍ട്ടിക്കാരോട് ദേശീയ പതാക ഉയര്‍ത്താനാണ് ആവശ്യപ്പെടുന്നത്. അത് ബിജെപിയുടെ വിജയമാണ്. ഒവൈസി ദേശീയ ഗാനം പോലും ആലപിച്ചെന്നത് നല്ല കാര്യമാണ്’, റാവു കൂട്ടിച്ചേര്‍ത്തു.

11 വര്‍ഷം ഇന്ത്യയില്‍ താമസിച്ച പുറംനാട്ടുകാര്‍ക്ക് പൗരത്വം നല്‍കാന്‍ രാജ്യത്ത് വ്യവസ്ഥയുള്ളതായി തെലങ്കാന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ ലക്ഷ്മണ്‍ ചൂണ്ടിക്കാണിച്ചു. ഇതിനിടയിലാണ് കോണ്‍ഗ്രസും, ടിആര്‍എസും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്, ലക്ഷ്മണ്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചാണ് മറ്റ് രാജ്യക്കാര്‍ക്ക് പൗരത്വം അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതിപക്ഷം ഈ വസ്തുതയ്ക്ക് നേര്‍ക്ക് കണ്ണടയ്ക്കുകയാണ്, ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

© 2025 Live Kerala News. All Rights Reserved.