വോട്ടിംഗ് യന്ത്രത്തില്‍ വിശ്വാസമില്ല: വിവിപാറ്റ് എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

തെരഞ്ഞെടുപ്പുകളിൽ 50 ശതമാനം വി വി പാറ്റുകൾ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ചേർന്ന പ്രതിപക്ഷ പാർട്ടി യോഗത്തിനൊടുവിലാണ് തീരുമാനം. ഇതുസംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ തിങ്കളാഴ്ച്ച തെരെഞ്ഞെടുപ്പ് കമ്മീഷനെ കാണും.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുന്‍ പ്രതിരോധമന്ത്രി എ കെ ആൻറണി, ശരത് പവാർ, ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു, എന്നിവരടക്കം ഇരുപത്തിയൊന്ന് പ്രതിപക്ഷാംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. വോട്ടിംഗ് മെഷീന്‍റെ സുധാര്യതയില്‍ ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ട്. അതുകൊണ്ട് വി വി പാറ്റ് സംവിധാനം ഉപയോഗിക്കണമെന്നും തെര‍ഞ്ഞെടുപ്പ് സംവിധാനത്തിലുള്ള വിശ്വാസം ഉറപ്പ് വരുത്തണമെന്നും രാഹുല്‍ ഗാന്ധി പറ‍ഞ്ഞു

ബാലറ്റിലേക്ക് മടങ്ങുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന ആവശ്യം. ബാലറ്റിലേക്ക് മടങ്ങാനായില്ലെങ്കിൽ വരുന്ന ലോക് സഭ തെരെഞ്ഞെടുപ്പിൽ 50% എങ്കിലും വി വി പാറ്റ് ഉറപ്പാക്കണം. തെരെഞ്ഞെടുപ്പിൽ ഒന്നാമതും രണ്ടാമതും വരുന്ന സ്ഥാനാർത്ഥികളുടെ വോട്ട് നിലയിലെ അന്തരം 5% ആണെങ്കിൽ മുഴുവൻ വി വി പാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യവും അംഗങ്ങൾ തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.

© 2025 Live Kerala News. All Rights Reserved.