അബുദാബി: മാര്‍പാപ്പയുടെ പൊതുപരിപാടിയിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാന്‍ തിരക്ക്. ഫെബ്രുവരി അഞ്ചിന് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യദിനത്തില്‍ പതിമൂവായിരത്തിലധികം ടിക്കറ്റുകള്‍ വിതരണം ചെയ്തു. വിവിധ ദേവാലയങ്ങളില്‍ 21ന് മുന്‍പ് രജിസ്റ്റര്‍ ചെയ്തവരുടെ ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തുവരുന്നത്.
അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍, മുസഫ സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ച്, ദുബൈ സെന്റ് മേരീസ് ദേവാലയം എന്നിവിടങ്ങളിലാണ് ടിക്കറ്റുകള്‍ നല്‍കിത്തുടങ്ങിയത്. ദുബൈ സെന്റ് മേരീസ് ദേവാലയത്തില്‍ തന്നെ 12,500ല്‍ അധികം പാസുകള്‍ വിതരണം ചെയ്തു. നോണ്‍ ജിസിസി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശന ടിക്കറ്റുകള്‍ നല്‍കുന്നത്. ഇന്നു മുതല്‍ ജിസിസി രാജ്യക്കാര്‍ക്കു കൂടി ടിക്കറ്റുകള്‍ വിതരണം ചെയ്ത് തുടങ്ങും.