വനിതാ മതില്‍ ചരിത്രവിജയമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തിന് അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാ മതില്‍ ചരിത്രവിജയമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടിയില്‍ പങ്കാളിത്തം കൊണ്ട് ചരിത്ര സംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കൃത്യം ഒരു മാസം കൊണ്ടാണ് 620 കി.മീറ്റര്‍ ദൂരം സ്ത്രീകളുടെ വന്‍മതില്‍ തീര്‍ക്കുന്നതിനുളള പ്രവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൂടാതെ, വനിതാ മതില്‍ സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാക്കുന്നതിന് പിന്തുണ നല്‍കിയ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുളള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകള്‍ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമായി വനിതാ മതില്‍ മാറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കൂടാതെ, നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് ഈ മതിലെന്നും,കേരളത്തിലെ സ്ത്രീസമൂഹം പുരോഗമന ചിന്തയ്‌ക്കൊപ്പമാണെന്നതിന്റെ മഹാവിളംബരമായി ഇത് മാറിയെന്നും,മാത്രമല്ല, എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീസമൂഹം ഒന്നാകെ മതിലിനൊപ്പം നിന്നുവെന്നും അദ്ദേഹം വ്യ്കതമാക്കുകയുണ്ടായി. എല്ലാ എതിര്‍പ്പുകളെയും അപവാദ പ്രചാരണങ്ങളെയും അവഗണിച്ച് മതിലില്‍ അണിചേര്‍ന്ന സ്ത്രീസമൂഹം കേരളത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിയിരിക്കയാണെന്നും മുഖ്യമന്ത്രി എടുത്തു പറയുകയുണ്ടായി.

© 2025 Live Kerala News. All Rights Reserved.