ന്യൂഡൽഹി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്കിയ സുപ്രീംകോടതി വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹർജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉച്ചക്ക് ശേഷം മൂന്നിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് അടച്ചിട്ട ചേംബറിൽ ഹർജികൾ പരിഗണിക്കും. 49 പുനഃപരിശോധന ഹർജികളിൽ അഭിഭാഷകരും കക്ഷികളുമില്ലാതെ പതിവ് പുനഃപരിശോധന ഹർജികളെന്നപോലെയാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് തീർപ്പുകൽപിക്കുക.
പുനഃപരിശോധന ഹര്‍ജികൾക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എൻ.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായാണ് 49 ഹർജികൾ. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹര്‍ജികൾ. കേസ് തുറന്ന കോടതിയിൽ വീണ്ടും വാദം കേട്ട് ഇക്കാര്യം പരിശോധിക്കണമെന്നും ഹര്‍ജികൾ ആവശ്യപ്പെടുന്നു.
റിട്ട് ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പകരമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ബെഞ്ചിന്റെ ഭാഗമായത്. ജസ്റ്റിസുമാരായ രോഹിങ്ടൺ ഫാലി നരിമാൻ, എ.എം ഖൻവിൽകർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ചീഫ് ജസ്റ്റിസിന് പുറമെ ബെഞ്ചിലുണ്ടാകുക. സമർപ്പിച്ച പുനഃപരിേശാധന ഹർജികളെല്ലാം ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധിക്കെതിരും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിക്ക് അനുകൂലവുമാണ്. ഹർജിക്കാർക്ക് ശബരിമല വിഷയത്തിൽ ഇടപെടാനുള്ള നിയമപരമായ അവകാശം ഇല്ലാതിരുന്നത് കോടതി ഗൗനിച്ചില്ലെന്നും ഹർജികളിലുണ്ട്.
ഭരണഘടന ബെഞ്ചിന്റെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്നും 14ാം അനുഛേദം അനുസരിച്ച് ആചാരാനുഷ്ടാനങ്ങൾ പരിശോധിച്ചാൽ മതങ്ങൾ തന്നെ ഇല്ലാതാകും എന്നും ഹര്‍ജികളിൽ പറയുന്നുണ്ട്.
പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുന്നതിന് മുമ്പ് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് ശബരിമല കേസിലെ പുതിയ റിട്ട് ഹര്‍ജികളും പരിഗണിക്കുന്നുണ്ട്. റിട്ട ഹര്‍ജിലെ ആവശ്യം നേരത്തെ ഭരണഘടന ബെഞ്ച് പരിശോധിച്ചതാണ്. അതുകൊണ്ട് ഈ ഹര്‍ജികൾ നിലനിൽക്കുമോ എന്നതാകും ആദ്യം കോടതി പരിശോധിക്കുക. ഉച്ചക്ക് ശേഷം പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുന്ന സാഹചര്യത്തിൽ ഈ റിട്ട് ഹര്‍ജികളുടെ പ്രസക്തിയും കോടതിയും ചോദ്യം ചെയ്തേക്കാം. മണ്ഡലകാലത്തിന് മുമ്പ് ശബരിമലയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഇന്നത്തെ കോടതി നടപടികൾ.