വാജ്‌പേയിയുടെ നിര്യാണം; രാജ്യത്ത് ഏഴ് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ നിര്യാണത്തില്‍ ആദരസൂചകമായി രാജ്യത്ത് ഏഴ് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം.

ഇതുസംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും കൈമാറിയിട്ടുണ്ട്.

ഇന്ന് മുതല്‍ ഈ മാസം 22 വരെയാണ് ദു:ഖാചരണം. ഈ ദിവസങ്ങളില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. സര്‍ക്കാരിന്റെ ഔദ്യോഗികമായ ആഘോഷ പരിപാടികളുമുണ്ടാവില്ല.

ഡല്‍ഹി എയിംസില്‍ വൈകിട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഏറെക്കാലമായി ആരോഗ്യസ്ഥിതി മോശമായിരുന്ന വാജ്പേയിയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ മൂത്രാശയ സംബന്ധമായ അണുബാധയുള്ളതായി വ്യക്തമാക്കിയിരുന്നു.

അദ്ദേഹത്തിന്റെ ഇരു വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തീര്‍ത്തും മോശമായിരുന്നു. ഇന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

© 2025 Live Kerala News. All Rights Reserved.