കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചു; കേരളത്തിൽ നിന്ന് എ.കെ.ആന്റണി, ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, പി.സി.ചാക്കോ

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചു. പരിചയസമ്പന്നർക്കും യുവാക്കൾക്കും പങ്കാളിത്തം നൽകിയാണ് പുനഃസംഘടന. കേരളത്തിൽ നിന്ന് എ.കെ.ആന്റണി, ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, പി.സി.ചാക്കോ എന്നിവരാണ് സമിതിയിൽ ഇടം പിടിച്ചത്.

51 അംഗങ്ങളാണ് സമിതിയിലുള്ളത്. 23 അംഗങ്ങൾ, 18 സ്ഥിരം ക്ഷണിതാക്കൾ, പത്ത് പ്രത്യേക ക്ഷണിതാക്കൾ എന്നിങ്ങനെയാണ് സമിതിയിൽ ഉള്ളത്. പി.സി.ചാക്കോയാണ് കേരളത്തിൽ നിന്നുള്ള സ്ഥിരം ക്ഷണിതാവ്. എ.കെ.ആന്റണി, ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവർ അംഗങ്ങളാണ്.

സംഘടനയുടെ ദേശീയ അധ്യക്ഷനായി നിയോഗിക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി ആദ്യമായി രൂപം നൽകുന്ന പ്രവർത്തക സമിതിയാണിത്. പാർട്ടിയുടെ ഉപവിഭാഗങ്ങളായ ഐഎൻടിയുസി, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, എൻഎസ്‌യുഐ എന്നിവയുടെ അധ്യക്ഷന്മാർ, സേവാ ദൾ ചീഫ് ഓർഗനൈസർ എന്നിവരും പ്രത്യേക ക്ഷണിതാക്കളിൽ ഉൾപ്പെടും. വിവിധ സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ളവരെയാണ് സ്ഥിരം ക്ഷണിതാക്കളെന്ന നിലയിൽ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

© 2025 Live Kerala News. All Rights Reserved.