പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തിയേക്കും. കേരളത്തിലേക്കുള്ള യാത്രക്ക് കോടതി അനുവാദം നൽകിയിട്ടും ബംഗളൂരു പൊലീസ് സുരക്ഷാ അനുമതി വൈകിച്ചതോടെ ഇന്നലത്തെ യാത്ര മുടങ്ങുകയായിരുന്നു. ഇന്നലെ മുതല്‍ 11 വരെ കേരളത്തില്‍ തങ്ങാനാണ് എന്‍ഐഎ കോടതി അനുമതി നൽകിയിട്ടുള്ളത്. രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന മാതാവ് അസ്‌മാബീവിയെ കാണാനാണ് മഅദനി എത്തുന്നത്.
അദ്ദേഹം താമസിക്കുന്ന ബെന്‍സണ്‍ ടൗണിലെ വസതിയില്‍നിന്നാണ് യാത്ര തിരിക്കുക. സേലം, കോയമ്പത്തൂർ, പാലക്കാട് , തൃശൂര്‍ വഴി കരുനാഗപ്പള്ളിയിലെത്തും. കൂടെ ഭാര്യ സൂഫിയ മഅ്ദനി, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സെക്രട്ടറിമാരായ സലിബാബു, നൗഷാദ് തിക്കോടി എന്നിവര്‍ അനുഗമിക്കും. കര്‍ണാടക പൊലീസിലെ ഇൻസ്പെക്ടര്‍മാരടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ മഅ്ദനിക്ക് സുരക്ഷ നല്‍കും.
അന്‍വാര്‍ശേരിയിലും പരിസരത്തും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് കേരള പൊലീസ് ഒരുക്കിയിരിക്കുന്നത്. മഅ്ദനി സഞ്ചരിക്കുന്ന വാഹനത്തിനൊപ്പം പൊലീസിന്റെ എസ്‌കോര്‍ട്ട് പൈലറ്റ് വാഹനങ്ങള്‍ സഞ്ചരിക്കും. കൊട്ടാരക്കര ഡിവൈ.എസ്.പിക്കാണ് അന്‍വാര്‍ശേരിയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല. എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ 15 പൊലീസ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയത്തും അന്‍വാര്‍ശേരിയിലുണ്ടാകും.