ന്യൂഡല്‍ഹി: കോൺഗ്രസിൽ അഴിച്ചുപണിക്ക് തുടക്കമിട്ട് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടിയുടെ പ്രധാന ചുമതലകളിലേക്ക് യുവനിരയെ എത്തിച്ചാണ് രാഹുൽ ഇതിന് തുടക്കം കുറിച്ചത്. ഇതിന്‍റെ ആദ്യപടിയെന്നപോലെ ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളുടെ ചുമതല രാഹുല്‍ യുവ നേതാക്കള്‍ക്ക് നല്‍കി. ഗുജറാത്തിന്‍റെ ചുമതല രാജീവ് സത്വക്കും ഒഡീഷയുടെ ചുമതല ജിതേന്ദ്ര സിംഗിനുമാണ് നല്‍കിയത്.
വരും ദിവസങ്ങളില്‍ പാര്‍ട്ടി ഘടകങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഒഡീഷയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. അടുത്ത വര്‍ഷം ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യുവനിരയ്ക്ക് ചുമതല നല്‍കിയത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ബി.കെ.ഹരിപ്രസാദിനെ മാറ്റിയാണ് ഒഡീഷയുടെ ചുമതല മുന്‍ കേന്ദ്ര മന്ത്രിയായ ജിതേന്ദ്ര സിംഗിന് നല്‍കിയത്. ഗുജറാത്തില്‍ പാർട്ടിയെ മികവോടെ നയിച്ച അശോക് ഗലോട്ടിനെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തി. ഗലോട്ടിന് പകരമാണ് എംപികൂടിയായ രാജീവ് സത്വയെ നിയമിച്ചത്.