71 യാത്രക്കാരുമായി റഷ്യയില്‍ വിമാനം തകർന്നു

മോസ്കോ : മോസ്കോയ്ക്കു സമീപം ദോമജിയദവ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനമാണു തകര്‍ന്നത്. 71 യാത്രക്കാരുമായാണ് വിമാനം അപകടത്തില്‍ പെട്ടത്. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. പറന്നുയർന്ന് അഞ്ചു മിനിറ്റിനു ശേഷമാണു വിമാനം താഴേക്കു പതിച്ചത്. വിമാനത്തില്‍ 65 യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആഭ്യന്തര വിമാന കമ്പനിയായ സറാടോവ് എയര്‍ലൈന്‍സിന്റെ ആന്റനോവ് എഎന്‍ 148 എന്ന വിമാനമാണ് തകര്‍ന്നുവീണത്.
തീപ്പിടിച്ച നിലയില്‍ വിമാനം താഴേക്ക് പതിക്കുന്നത് കണ്ടുവെന്ന് ഗ്രാമവാസികള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിശാലമായ പ്രദേശത്ത് ചിതറിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി 150 പേര്‍ ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലത്താണ് തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നത്.

© 2025 Live Kerala News. All Rights Reserved.