ജഡ്ജിമാരുടെ ആവശ്യങ്ങള്‍ ചീഫ് ജസ്റ്റിസ് തള്ളി; സുപ്രീംകോടതി പ്രതിസന്ധി കടുക്കുന്നു

ന്യൂഡല്‍ഹി സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന് ജഡ്ജിമാര്‍ നടത്തിയ പരസ്യപ്രതികരണത്തെ തുടര്‍ന്ന് ജുഡീഷ്യറിയില്‍ ഉണ്ടായ പ്രതിസന്ധി രൂക്ഷമാക്കുന്നു. പ്രശ്‌നപരിഹാരത്തിന് നാലു ജഡ്ജിമാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ ചീഫ് ജസ്റ്റിസ് തള്ളി.

ജഡ്ജിമാര്‍ക്ക് കേസുകള്‍ നല്‍കുന്നതിന് പ്രത്യേകസംവിധാനം വേണമെന്ന ജഡ്ജിമാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരസ്യമായി അംഗീകരിച്ച് വാര്‍ത്താകുറിപ്പ് ഇറക്കണമെന്ന ജഡ്ജിമാരുടെ ആവശ്യവും ചീഫ് ജസ്റ്റിസ് തള്ളി.

പ്രതിസന്ധി പരിഹരിക്കാന്‍ ഇന്നലെ രാവിലെ ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് യോഗം ചേര്‍ന്നത്. പരസ്യപ്രതികരണം നടത്തിയ ജഡ്ജിമാര്‍ക്ക് പുറമെ ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ എകെ സിക്രി, എന്‍വി രമണ, യുയു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ പങ്കെടുത്തിരുന്നു.

പത്ത് മിനിട്ട് നീണ്ടുനിന്ന ഈ യോഗത്തില്‍ പരസ്യപ്രതികരണം നടത്തിയ ജഡ്ജിമാര്‍ രണ്ട് പ്രധാന ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും എഴുതി നല്‍കിയില്ല. പ്രധാനപ്പെട്ട കേസുകള്‍ ജഡ്ജിമാര്‍ക്ക് അനുവദിക്കുന്നത് സുതാര്യമാക്കുന്നതിനായി മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന സംവിധാനം രൂപീകരിക്കണമെന്ന് നാല് ജഡ്ജിമാരും ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. ഭൂരിഭാഗം കേസുകളും ജഡ്ജിമാര്‍ക്ക് അനുവദിക്കുന്നത് കമ്പ്യൂട്ടര്‍ സംവിധാനം ആണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

© 2025 Live Kerala News. All Rights Reserved.