ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്ത മധ്യപ്രദേശ് എംഎല്‍എ പന്നലാല്‍ ഷാകിയയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ബിജെപി ദേശീയ നേതാവ് എസ് പ്രകാശ്. കോഹ്ലിയുടെസും അനുഷ്‌കയുടെയും രാജ്യസ്‌നേഹം പരിശോധിക്കേണ്ട ആവശ്യം പന്നലാലിന് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തമായി നല്‍കുന്ന നിര്‍വചനങ്ങളിലൂടെ പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കാന്‍ പന്നാലാല്‍ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എവിടെ വിവാഹം നടത്തണമെന്നത് വ്യക്തി സ്വാതന്ത്രമാണ് അത് ചോദ്യം ചെയ്യാന്‍ പന്നാലാലിന് അവകാശമില്ല. പന്നാലാല്‍ പറഞ്ഞത് അദ്ദേഹത്തിന് മനസിലായ കാര്യമാണ്. അത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.
കോഹ്ലി-അനുഷ്‌ക വിവാഹം ഇറ്റലിലില്‍ വെച്ച് നടത്തിയതാണ് പന്നലാലിനെ പ്രകോപിപ്പിച്ചത്. ഇന്ത്യയില്‍ കളിച്ചാണ് വിരാട് കോഹ്ലി വലിയ ധനികനായത്. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ ഇന്ത്യ പോരത്രേ? എന്താ, കാശുകാരനായപ്പോള്‍ ഇന്ത്യ തൊട്ടുതീണ്ടാന്‍ പറ്റാത്ത ഇടമായോ? എന്ന് ചോദിച്ചു തുടങ്ങിയ പന്നലാല്‍ പിന്നീട് വിരാട് ചെയ്തത് ദേശദ്രോഹം ആണെന്നും വിമര്‍ശിച്ചു. ഇതിഹാസ നായകന്‍മാരായ കൃഷ്ണനും, രാമനും, വിക്രമാദിത്യനും, യുധിഷ്ഠിരനും പോലും വിവാഹം നടത്തിയത് ഇന്ത്യയിലാണെന്നും എന്നാല്‍ വിവാഹം കഴിക്കാന്‍ ഇന്ത്യ വിട്ട് മറ്റൊരിടം കോഹ്ലിക്ക് തേടേണ്ടി വന്നെന്നും പന്നലാല്‍ കുറ്റപ്പെടുത്തിയിരുന്നു.