ഗുജറാത്ത്: ബി ജെ പി യുടെ ആദ്യ ലിസ്റ്റ് പുറത്ത്,16 പുതുമുഖങ്ങള്‍,കോണ്‍ഗ്രസ് വിട്ട എല്ലാവര്‍ക്കും സീറ്റ്

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ആദ്യ സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തിറക്കി. മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ തുടങ്ങി ഹെവി വെയ്റ്റ് നേതാക്കളില്‍ പലരും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇക്കുറിയും രാജ്‌ഘോട്ട് വെസ്റ്റില്‍ നിന്ന് രൂപാണി മത്സരിക്കും. ഇടഞ്ഞ് നില്‍ക്കുന്ന പട്ടേദാര്‍ സമുദായത്തിന് മേല്‍കൈയ്യുള്ള മേഖ്‌സന മണ്ഡലത്തില്‍ നിന്നുമാണ് പട്ടേല്‍ ജനവിധി തേടുക. പടിഞ്ഞാറന്‍ ഭാവനഗര്‍ തന്നെയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജിതു വഗാനിയുടെ മണ്ഡലം. മന്ത്രി ശങ്കര്‍ ചൗധരി ബനസ്‌കന്ദയിലെ വാവ മണ്ഡലത്തിലല്‍ പത്രിക നല്‍കും.
വന്‍ വിവാദമായി മാറിയ രാജ്യസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് ബി ജെ പി പാളയത്തിലെത്തിയ രാഘവ്ജി പട്ടേല്‍, ധര്‍മേന്ദ്ര സിംഗ് ജഡേജ,രാംസിംഗ് പര്‍മര്‍,സി കെ റൗല്‍ജി തുടങ്ങിയവരെല്ലാം ലിസ്റ്റില്‍ കയറയിട്ടുണ്ട്. ഇവര്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കിയാണ് കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പി പടിയിറക്കിയിരുന്നത്. ആദ്യ ലിസ്റ്റിലെ 70 പേരില്‍ 16 പേരാണ് പുതുമുഖങ്ങള്‍. 182 അംഗ നിയമസഭയിലേക്ക് ഡിസംബര്‍ ഒന്‍പത്, 14 തീയതികളിലാണ് പോളിംഗ്.

© 2025 Live Kerala News. All Rights Reserved.